മുംബൈ(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് എം.എല്‍.എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്ത് കൊണ്ട് പോയി. സില്ലോദ് എം.എല്‍.എയായ സത്താര്‍ ആണ് കസേരകള്‍ എടുത്തുകൊണ്ട് പോയത്. കസേരകള്‍ തന്റേതാണെന്നും പാര്‍ട്ടി വിട്ടതായും സത്താര്‍ പറഞ്ഞു.
‘കസേരകള്‍ എന്റേതാണ്. കോണ്‍ഗ്രസ് യോഗങ്ങള്‍ക്ക് എത്തിച്ച് നല്‍കുന്നതായിരുന്നു. പാര്‍ട്ടി വിട്ടത് കൊണ്ട് കസേരകളും തിരിച്ചെടുക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം ലഭിച്ചയാള്‍ പ്രചാരണത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കണം’ സത്താര്‍ പറഞ്ഞു.
ഓഫീസില്‍ എന്‍.സി.പിയുമായി കോണ്‍ഗ്രസ് സംയുക്ത യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന് തൊട്ട് മുമ്പാണ് എം.എല്‍.എ സഹായികള്‍ക്കൊപ്പം വന്ന് കസേരകള്‍ എടുത്ത് കൊണ്ട് പോയത്. പിന്നീട് എന്‍.സി.പി ഓഫീസില്‍ വെച്ചാണ് യോഗം നടത്തിയത്.
ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ സത്താറിന് ഔറംഗാബാദ് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എം.എല്‍.സിയായ സുഭാഷ് സംബാദിന് പാര്‍ട്ടി സീറ്റ് നല്‍കിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.