ന്യൂദല്‍ഹി(www.mediavisionnews.in): ദല്‍ഹിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകനെ ആശുപത്രിയിലെത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മധ്യ ദല്‍ഹിയിലെ ഹുമയൂണ്‍ റോഡില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ രാജസ്ഥാന് ദിനപത്രത്തിന്റെ ഉടമ രാജേന്ദ്ര വ്യാസിനെയാണ് രാഹുല്‍ ആശുപത്രിയിലെത്തിച്ചത്.
അതുവഴി കാറില്‍ കടന്നുപോകുകയായിരുന്ന രാഹുല്‍ ഗാന്ധി പരുക്കേറ്റ രാജേന്ദ്രയെ കണ്ടതോടെ വാഹനം നിര്‍ത്തുകയും അദ്ദേഹത്തെ എയിംസില്‍ എത്തിക്കുകയുമായിരുന്നു.
മാധ്യമപ്രവര്‍ത്തകന്റെ തലയില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. രാഹുല്‍ ഇത് തുടച്ചുകൊടുക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
‘സര് തൂവാലകൊണ്ട് ഒരിക്കല്‍കൂടി തുടയ്ക്കൂ. എന്റെ ജോലിയ്ക്കായി ആ വീഡിയോ ഞാന്‍ ഉപയോഗിക്കും’ എന്ന് മാധ്യമപ്രവര്ത്തകന് പറയുന്നുണ്ട്. ചിരിച്ചുകൊണ്ടാണ് രാഹുല്‍ ഇതിനോട് പ്രതികരിച്ചത്.
തല്കട്ടോറ സ്റ്റേഡിയത്തിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു രാഹുല്‍.
നേരത്തെ രാഹുലിന്റെ ഒഡീഷ സന്ദര്‍ശനം റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്ത്തകന് കാലുതെന്നി വീണപ്പോഴും രാഹുല്‍ അദ്ദേഹത്തിന്റെ സഹായത്തിന് എത്തിയിരുന്നു.