മലപ്പുറം(www.mediavisionnews.in): സംസ്ഥാനത്ത് പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ ഇനിമുതല്‍ ദേശീയതലത്തിലെ ഏകീകൃത സംവിധാനമായ ‘വാഹന്‍’ സോഫ്റ്റ്‌വേറിലേക്ക് മാറുന്നു. മുഴുവന്‍ ആര്‍.ടി. ഓഫീസുകളിലും മാര്‍ച്ച് 18മുതല്‍ പുതിയ പദ്ധതി നടപ്പാകും. വാഹനവില്‍പ്പനയിലെ ക്രമക്കേടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷന്‍ സോഫ്റ്റ്‌വേറില്‍ മാറ്റംവരുത്തുന്നത്.
പുതിയ സംവിധാനത്തിന്റെ ഭാഗമായി നിലവില്‍ താത്കാലിക രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള വാഹനങ്ങള്‍ 16ാം തീയതിക്കകം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ആര്‍.ടി. ഒമാര്‍ ഉടമകള്‍ക്ക് നിര്‍ദേശംനല്‍കി. 18ന് ശേഷം താത്കാലിക രജിസ്‌ട്രേഷന്‍ തീരുന്ന വാഹനങ്ങളും ഇപ്രകാരം രജിസ്റ്റര്‍ചെയ്യണം.
വാഹന്‍ സോഫ്റ്റ്‌വേറിലേക്ക് മാറുന്നതോടെ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഉടമസ്ഥാവകാശം മാറ്റല്‍, ഫാന്‍സി നമ്പര്‍ ബുക്കിങ് എന്നിവയില്‍ കാതലായ മാറ്റങ്ങളാണ് വരുന്നത്.
വാഹനം വില്‍ക്കുമ്പോള്‍ ഉടമ രജിസ്‌ട്രേഷന്‍ രേഖകളും വാഹനം വാങ്ങുന്ന ആളുടെ ആധാര്‍ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ അതാത് മോട്ടോര്‍ വാഹനവകുപ്പ് ഓഫീസുകളില്‍ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുമ്പോള്‍ വാങ്ങുന്ന ആളുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കും. ഈ നമ്പര്‍ കൈമാറിയാല്‍ ഓഫീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. ഒരാള്‍ അറിയാതെ അയാളുടെ പേരിലേക്ക് വാഹന രജിസ്‌ട്രേഷന്‍ മാറ്റുന്നത് ഒഴിവാക്കാനാണ് ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കും.