സംഝോത എക്സ്പ്രസ്സ് സ്ഫോടന കേസ് : അസീമാനന്ദ ഉൾപ്പടെ നാലു പ്രതികളെയും വെറുതെ വിട്ടു

0
223

ന്യൂദല്‍ഹി(www.mediavisionnews.in): സംഝോത ട്രെയിന്‍ സ്‌ഫോടനക്കേസില്‍ മുഖ്യപ്രതി അസീമാനന്ദയടക്കം നാല് പ്രതികളെയും എന്‍.ഐ.എ കോടതി വെറുതെ വിട്ടു.
2007 ഫെബ്രുവരി 18നായിരുന്നു ലാഹോറിനും ദല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസില്‍ സ്ഫോടനം നടന്നത്. ഹരിയാനയിലെ പാനിപത്തിനടുത്ത് വെച്ചായിരുന്നു സ്ഫോടനം. സ്ഫോടനത്തില്‍ മരിച്ച 68 പേരില്‍ ഭൂരിഭാഗം പേരും പാകിസ്ഥാന്‍ പൗരന്‍മാരായിരുന്നു. ഗൂഢാലോചന ഉൾപ്പടെ ഇവർക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. ആക്രമണം നടന്ന് 12 വർഷത്തിന് ശേഷമാണ് വിധി വരുന്നത്.

ഗുജറാത്ത് കലാപകാലത്ത് ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിന് മറുപടി നൽകാനാണ് സ്ഫോടനത്തിന് ആസൂത്രണം നൽകിയതെന്നാണ് ആരോപണമുയർന്നിരുന്നത്. രാജ്യത്തെ ഹിന്ദു തീവ്രവാദത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്ന കേസിലാണിപ്പോൾ ഒരു ഹിന്ദു സന്യാസി കൂടിയായ അസീമാനന്ദുൾപ്പടെയുള്ള പ്രതികളെ വെറുതെ വിട്ട് വിധി വന്നിരിക്കുന്നത്.

2010ല്‍ അസീമാനന്ദ ഉള്‍പ്പെടെയുള്ളവരെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടനത്തില്‍ അസീമാനന്ദയ്ക്ക് പുറമേ ഹിന്ദുസംഘടനാപ്രവർത്തകരായ സുനില്‍ ജോഷി, രാമചന്ദ്ര കല്‍സാംഗാര, സന്ദീപ് ഡാങ്കെ, ലോകേഷ് ശര്‍മാനന്ദ്, കമാല്‍ ചൗഹാന്‍ എന്നിവർ പങ്കാളികളാണെന്നാണ് എന്‍ഐഎ കണ്ടെത്തിയത്.

ആകെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇതിൽ നാല് പേരെ മാത്രമാണ് പിടികൂടാനായത്. മുഖ്യ സൂത്രധാരനായ സുനിൽ ജോഷി 2007-ൽ കൊല്ലപ്പെട്ടു. 3 പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

കേസിൽ വിചാരണ നേരിടവെത്തന്നെ അസീമാനന്ദയ്ക്ക് ജാമ്യം നൽകിയ സർക്കാർ നടപടി വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. അസീമാനന്ദ ജാമ്യത്തിലും ലോകേഷ് ശർമ്മ, കമൽ ചൗഹാൻ, രാജിന്ദർ ചൗധരി എന്നീ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലുമായിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here