ഷാര്‍ജ: അല്‍ വഹ്ദ റോഡിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആയുധങ്ങളുമായെത്തി കവര്‍ച്ച നടത്താന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. പണവുമായി രക്ഷപെടാനുള്ള ഇവരുടെ ശ്രമം ജീവനക്കാര്‍ പ്രതിരോധിക്കുകയായിരുന്നു. രണ്ട് ജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ആഫ്രിക്കക്കാരാണ് അറസ്റ്റിലായത്.
രാത്രി 11.42ന് തിരക്കേറിയത സമയത്തായിരുന്നു കവര്‍ച്ചാശ്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖം മൂടിയണിഞ്ഞ രണ്ട് പേര്‍ ആയുധങ്ങളുമായാണ് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കയറി വന്നത്. ഒരാളുടെ പക്കല്‍ മാംസം മുറിക്കാനുപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തിയും മറ്റൊരാളുടെ പക്കല്‍ ചുറ്റിക പോലുള്ള വസ്തുവുമാണ് ഉണ്ടായിരുന്നത്. സംഘത്തിലൊരാള്‍ ആദ്യം സെക്യൂരിറ്റി ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേ സമയം മറ്റൊരാള്‍ കൗണ്ടറിലേക്ക് ചെന്ന് പണം സൂക്ഷിച്ചിരിക്കുന്ന പെട്ടി കൈക്കലാക്കാന്‍ ശ്രമിച്ചു.
17-ാമത്തെ ക്യാഷ് കൗണ്ടറിലേക്ക് കയറുന്ന അക്രമി കൈയിലുള്ള ആയുധം ഉപയോഗിച്ച് ക്യാഷ് മെഷീനില്‍ അടിക്കുന്നതും കാണാം. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ആദ്യം ഒന്ന് പരിഭ്രമിച്ച ക്യാഷര്‍ പ്രതിരോധിച്ചു. അക്രമിയെ ഇയാള്‍ ധീരമായി നേരിടുകയായിരുന്നു. കൈയിലുള്ള ആയുധം ഉപയോഗിച്ച് ക്യാഷറെ അക്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് വകവെയ്ക്കാതെ ഇയാള്‍ അക്രമിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. സംഘത്തിലുണ്ടായിരുന്ന രണ്ടാമത്തെയാളും ക്യാഷറെ അക്രമിക്കാനെത്തി. ഉടന്‍ തന്നെ മറ്റൊരു ജീവനക്കാരന്‍ കൂടിയെത്തി ഇവരെ പ്രതിരോധിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ കൂടുതല്‍ ജീവക്കാരെത്തി ഒരാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതേസമയം സംഘത്തിലുണ്ടായിരുന്ന രണ്ടാമന്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു.
വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. പുറത്തേക്ക് ഓടി രക്ഷപെട്ട രണ്ടാമനെ പിന്തുടര്‍ന്ന പൊലീസ് അഞ്ച് മിനിറ്റിനുള്ളില്‍ ഇയാളെയും പിടികൂടി. പരിക്കേറ്റ ജീവനക്കാര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കിയെന്നും ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് റാഷിദ് ബയാത് അറിയിച്ചു. അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രത്യേക പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
സിസിടിവി ദൃശ്യങ്ങള്‍