വരാണസി(www.mediavisionnews.in):ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ നരേന്ദ്ര മോദി നയിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് വീണ്ടും തിരിച്ചടി നല്‍കാനൊരുങ്ങി കര്‍ഷകര്‍. തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി മത്സരിക്കുന്ന വരാണസി മണ്ഡലത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 110 കര്‍ഷകര്‍ പ്രധാനമന്ത്രിക്കെതിരേ മത്സരിക്കും. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പോലും മുഖം കൊടുക്കാത്ത മോദിക്കെതിരേ പ്രതിഷേധമായിട്ടാണ് ദേശീയ തെന്നിന്ത്യ നന്ദിഗള്‍ ഇനൈപ്പ് സംഘത്തിലെ പ്രവര്‍ത്തകര്‍ മത്സരിക്കാനൊരുങ്ങുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണ പത്രികയില്‍ കര്‍ഷകര്‍ക്ക് അനുകൂല പ്രഖ്യാപനങ്ങള്‍ ഇല്ലെങ്കില്‍ മോദിക്കെതിരേ മത്സരിക്കുമെന്നാണ് 111 കര്‍ഷകരും പറയുന്നത്. മാര്‍ച്ച് 24ന് നാമനിര്‍ദേശം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. നിലനില്‍പ്പിനായി പ്രതിഷേധം നടത്തുന്ന കര്‍ഷകരെ കുറിച്ച് നരേന്ദ്ര മോദിയുടെ മൗനത്തിനെതിരേയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനം.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ മെയ് 19നാണ് വരാണസിയില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 22 മുതല്‍ 29 വരെ നാമനിര്‍ദേശം സമര്‍പ്പിക്കാം. വിവിധ ആവശ്യങ്ങളുന്നയിച്ച് ഡല്‍ഹിയില്‍ നടത്തിയ പ്രക്ഷോഭത്തില്‍ കര്‍ഷകരുമായി മോദി ചര്‍ച്ചയ്ക്ക് തയാറാകാത്തതാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതിന്റെ മുഖ്യ കാരണം.
അതേസമയം, തെലങ്കാനയില്‍ ബിജെപിക്ക് മൗന പിന്തുണ നല്‍കുന്ന ടിആര്‍എസിനും കര്‍ഷകരുടെ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ഭീഷണി. മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ മത്സരിക്കുന്ന നിസാമാബാദില്‍ 47 മഞ്ഞള്‍ കര്‍ഷകരും നാമനിര്‍ദേശം നല്‍കി.