മലപ്പുറം (www.mediavisionnews.in) : നിലമ്പൂരില്‍ മനോരമ ലേഖകനെ വേണമെങ്കില്‍ മത്സരിപ്പിച്ച് വിജയിപ്പിക്കാമെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ പ്രഖ്യാപനം വിവാദമാകുന്നു. പി.വി അന്‍വര്‍ എന്ന ജനങ്ങളോടൊപ്പം ജീവിക്കുന്ന മനുഷ്യന്‍ പറഞ്ഞാല്‍ മനോരമ ലേഖകന്‍ മഹേഷിനെ വേണമെങ്കില്‍ നിലമ്പൂരിലെ എം.എല്‍.എആക്കുമെന്നും പിന്നെ എന്തിനാണ് ഭയപ്പെടുന്നതെന്നുമാണ് അന്‍വര്‍ നടത്തിയ പ്രസ്താവന. പൊന്നാനിയില്‍ അന്‍വര്‍ വിജയിച്ചാല്‍ നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ സാധ്യത എങ്ങനെ എന്ന ചോദ്യത്തിനായിരുന്നു സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയുള്ള അന്‍വറിന്റെ പ്രതികരണം.
സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തെയും ഇടതുമുന്നണി നയനിലപാടുകളെയും വെല്ലുവിളിച്ചാണ് താന്‍ നിശ്ചയിക്കുന്നയാളെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിക്കുമെന്ന അന്‍വറിന്റെ പ്രഖ്യാപനം. അമ്പത് ലക്ഷത്തിന്റെ ക്വാറി തട്ടിപ്പുകേസിലും എസ്റ്റേറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ച കേസുകളിലും പ്രതിയായി പ്രകൃതിയെ തകര്‍ത്ത്, മലയിടിച്ചുള്ള വാട്ടര്‍തീം പാര്‍ക്കും കാട്ടരുവിയില്‍ തടയണയും കെട്ടി വിവാദത്തിലായ അന്‍വറിന് പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ സീറ്റു നല്‍കിയത് തന്നെ വിവാദമായിരുന്നു.
അന്‍വറിനെതിരെയുള്ള കേസുകളുംആരോപണങ്ങളും കണക്കിലെടുത്ത് അന്‍വറിന് പകരം സ്ഥാനാര്‍ത്ഥിയെ നിര്‍ദ്ദേശിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പി.വി അന്‍വറില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനും സി.പി.എം മലപ്പുറം ജില്ലാ നേതൃത്വവും.
പ്രചരണത്തിനിടെ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ തന്നെ വിജയിപ്പിക്കണമെന്ന അന്‍വറിന്റെ പ്രസംഗവും ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് താന്‍ പറയുന്നവരെ സി.പി.എമ്മില്‍ സ്ഥാനാര്‍്ത്ഥിയാക്കി വിജയിപ്പിക്കാമെന്ന അന്‍വറിന്റെ പരസ്യപ്രഖ്യാപനം പാര്‍ട്ടിക്കും ഇടതുമുന്നണിക്കും പുതിയ തലവേദനയാകുന്നത്.
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ അട്ടിമറി വിജയം നേടിയ അന്‍വര്‍ ഗള്‍ഫ് പര്യടനത്തില്‍ നിലമ്പൂരില്‍ ഇടതുമുന്നണി പിന്തുണച്ചില്ലായിരുന്നെങ്കിലും താന്‍ വിജയിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു.
2011ല്‍ ഏറനാട് നിയോജകമണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും 2014ല്‍ വയനാട്ടില്‍ സ്വതന്ത്രനായും മത്സരിച്ച് പരാജയപ്പെട്ട ശേഷമാണ് മുന്‍ കോണ്‍ഗ്രസുകാരനായ അന്‍വര്‍ 2016ല്‍ നിലമ്പൂരില്‍ ഇടതു സ്ഥാനാര്‍ത്ഥിയായെത്തിയത്.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍, ജ്ഞാനപീഠം പുരസ്‌ക്കാരം നേടിയ കഥാകൃത്ത് എസ്.കെ പൊറ്റക്കാട്, കവി കടമ്മനിട്ട രാമകൃഷ്ണന്‍ തുടങ്ങിയ പ്രഗല്‍ഭന്‍മാരെ സ്വതന്ത്രരായി മത്സരിപ്പിച്ച വിജയിപ്പിച്ച പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളത്. വിജയികളായിട്ടും പാര്‍ട്ടിക്ക് വഴങ്ങിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയെപ്പോലും വെല്ലുവിളിച്ച് മാധ്യമപ്രവര്‍ത്തകനെപ്പോലും ഇടതു സ്ഥാനാര്‍ത്ഥിയാക്കാമെന്ന അന്‍വറിന്റെ വീമ്പിളക്കലാണ് ഇടതുപക്ഷ അണികളെയും നേതൃത്വത്തെയും ഒരുപോലെ ചൊടിപ്പിച്ചിരിക്കുന്നത്.