മംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി

0
175

മംഗളൂരു(www.mediavisionnews.in): മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മൂന്ന് കേസുകളിലായി 26.82 ലക്ഷം രൂപയുടെ സ്വർണവും 18.10 ലക്ഷം രൂപ വിലവരുന്ന വിദേശ കറൻസിയും പിടിച്ചു. മൂന്നുദിവസങ്ങളിലായാണ് മൂന്ന് പേർ കുടുങ്ങിയത്.

ദുബായിൽനിന്നെത്തിയ രണ്ടുപേരിൽനിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചത്. ദുബായിലേക്ക് പോകാനായി എത്തിയ യാത്രക്കാരനിൽനിന്നാണ് ഡോളർ, യൂറോ, ഒമാനി റിയാൽ, കുവൈത്ത് ദിനാർ എന്നിവ പിടിച്ചെടുത്തത്.ലഗേജ് ബാഗിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കറൻസികൾ. ഇന്ത്യയിൽനിന്ന് വിദേശ കറൻസികൾ ദുബായിലേക്ക് കടത്തി അവിടെ വച്ച് സ്വർണം വാങ്ങി തിരിച്ച് ഇന്ത്യയിലേക്ക് കള്ളക്കടത്തു നടത്താനാണ് ശ്രമം.

എന്നാൽ പിടിയിലായവരുടെ പേര് വെളിപ്പെടുത്താതെ കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ‌് കസ്റ്റംസ് അധികൃതരുടേതെന്ന‌് പരാതിയുണ്ട‌്. മാധ്യമങ്ങൾക്ക് വിവരങ്ങൾ നൽകാതെ ട്വിറ്ററിൽ മാത്രമാണ് പിടിയിലായവരുടെ പേര് ഇല്ലാതെ കസ്റ്റംസ് വിവരങ്ങൾ പങ്കു വയ‌്ക്കുന്നത്. രണ്ടും മൂന്നും ദിവസം കഴിഞ്ഞ‌്, പിടിച്ചെടുക്കപ്പെട്ട സ്വർണത്തിന്റെ അളവും മൂല്യവും ട്വിറ്റർ വഴി വെളിപ്പെടുത്തുമ്പോഴാണ‌് കള്ളക്കടത്ത് പുറംലോകമറിയുന്നത്.

ദുബായിൽനിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ ആൾ കുക്കറിനുള്ളിൽ വെള്ളിപൂശിയ സ്വർണത്തകിട് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമിച്ചത്.

മറ്റൊരു കേസിൽ 317.36 ഗ്രാം സ്വർണപേസ്റ്റ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനേയും അധികൃതർ പിടികൂടി. സ്വർണ പേസ്റ്റ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സെല്ലോടാപ്പ‌് ഒട്ടിച്ച‌് ഗർഭനിരോധന ഉറയിലാക്കിയാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത്. ഇയാൾ കാസർകോട് സ്വദേശിയാണെന്നാണ് സൂചന.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here