പെരിയ ഇരട്ടക്കൊലപാതകം: 22 അന്വേഷണ സംഘത്തില്‍ കൂടുതല്‍ പേരും സിപിഐഎം അനുഭാവികള്‍

0
225

കാസര്‍കോട്(www.mediavisionnews.in): പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസ് അന്വേഷിക്കാനായി 22 അംഗ സംഘത്തെ നിയോഗിച്ചിരുന്നു. ഇതില്‍ ഏറെപ്പേരും സിപിഐഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി.എം.മുഹമ്മദ് റഫീഖ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ മാറ്റി പുതിയ അംഗങ്ങളെ ചേര്‍ത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണത്തിന് ഇതോടെ ശക്തിയേറി. പാര്‍ട്ടിയുടെ യുവജന, വിദ്യാര്‍ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരും സംഘത്തിലുണ്ട്. എന്നാല്‍ യുഡിഎഫ് അനുഭാവമുള്ള ചുരുക്കം ചില ഉദ്യോഗസ്ഥരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ഡിഐജി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെയാണ് ഇരട്ടക്കൊലക്കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. ഡിവൈഎസ്പിമാരായ പി.എം.പ്രദീപ്, ഷാജു ജോസ്, സി.ഐ.അബ്ദുറഹീം തുടങ്ങിയ ഉദ്യോഗസ്ഥരും ഏതാനും സിവില്‍ പൊലീസ് ഓഫിസര്‍മാരുമായിരുന്നു ആദ്യ സംഘത്തില്‍. സംഘാംഗങ്ങളുടെ കൃത്യമായ പട്ടിക നല്‍കാന്‍ ആദ്യം മുതല്‍ പൊലീസ് വിസമ്മതിച്ചിരുന്നു. സംഘത്തില്‍ ഇനിയും കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകുമെന്നായിരുന്നു വിശദീകരണം. അന്വേഷണം ശരിയായ ദിശയിലേക്കെന്ന തോന്നലിനിടെ സംഘത്തിനെ അടിമുടി പൊളിച്ചെഴുതിയാണു പുതിയതിനു രൂപം നല്‍കിയത്.

കോട്ടയം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവാണ് പുതിയ സംഘത്തിന്റെ തലവന്‍. മുന്‍ തലവന്‍, എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി.എം.മുഹമ്മദ് റഫീഖ് അനാരോഗ്യ കാരണങ്ങളാല്‍ പിന്‍മാറിയതാണെന്നു പറയുന്നുണ്ടെങ്കിലും അന്വേഷണത്തിന്റെ ദിശ മാറ്റാനുള്ള നീക്കമായിരുന്നു പിന്നിലെന്ന ആരോപണം നിലനില്‍ക്കുന്നു. എസ്പി മാറിയതിനു പിന്നാലെ ഡിവൈഎസ്പി ഷാജുവിനെയും മാറ്റി. പുതിയ സംഘത്തില്‍ ഡിവൈഎസ്പിയായി പി.എം.പ്രദീപ് മാത്രമേയുള്ളൂ. കോട്ടയം ക്രൈംബ്രാഞ്ച് സിഐ രാജപ്പന്‍, നീലേശ്വരം സിഐ പി.നാരായണന്‍ എന്നിവര്‍ പുതുതായി വന്നു. എസ്‌ഐമാരായ ജയചന്ദ്രന്‍, ഫിലിപ് തോമസ്, പുരുഷോത്തമന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരുമുണ്ട്.

അന്വേഷണ സംഘത്തിനുമേല്‍ ആഭ്യന്തര വകുപ്പിന്റെ ശക്തമായ നിരീക്ഷണമുണ്ട്. കേസിന്റെ വിശദാംശങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളും സംഘത്തിനു ലഭിച്ചിട്ടുണ്ട്. കൂടുതല്‍ സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉള്‍പെടുത്തി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കങ്ങളെ ചെറുക്കുക എന്ന ലക്ഷ്യവും അഴിച്ചുപണിക്കു പിന്നിലുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here