ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പ്: ഹാട്രിക്ക് തികച്ച് എം.എസ്.സി മൊഗ്രാല്‍

0
214

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ എം.എസ്.സി മൊഗ്രാലിന് ഹാട്രിക് കിരീട നേട്ടം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ വെച്ച് ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സൗത്ത് സോണ്‍ ജേതാക്കളായ വി.എസ്.സി വാഴുന്നോറടിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ മൂന്നാം തവണയും ചാംപ്യന്‍പട്ടം കരസ്ഥമാക്കി എം.എസ്.സി മൊഗ്രാല്‍ തങ്ങളുടെ ഹാട്രിക് കിരീട നേട്ടം സാധ്യമാക്കിയത്. സിറ്റിസണ്‍ ഉപ്പളയാണ് ഈ പ്രാവശ്യത്തെ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ മത്സരങ്ങളും ഒപ്പം ജില്ലാ തല ഫൈനല്‍ മത്സരവും സംഘടിപ്പിച്ചത്.

ഇരു സോണിലെയും മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ ഇന്നത്തെ മത്സരം വാശിയേറിയതായിരുന്നു. തുല്യ ശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ കളിയുടെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളൊന്നും നേടിയിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ തുടര്‍ച്ചയായ രണ്ട് ഗോളുകള്‍ നേടി എം.എസ്.സി മൊഗ്രാല്‍ മുന്നേറി. നിമിഷങ്ങള്‍ക്കകം വി.എസ്.സി വാഴുന്നോറടി ഒരു ഗോള്‍ മടക്കിയെങ്കിലും സമനില ഗോള്‍ നേടാനായില്ല. എം.എസ്.സി മൊഗ്രാലിന് വേണ്ടി സിറാജ് രണ്ട് ഗോള്‍ നേടി. വി.എസ്.സി വാഴുന്നോറടിയുടെ ഏക ഗോള്‍ സുജിതിന്‍റെ വകയായിരുന്നു. ഫൈനല്‍ മത്സരത്തിലെ മികച്ച താരമായി എം.എസ്.സി മൊഗ്രാലിന്‍റെ മുന്നേറ്റ താരം സിറാജിനെ തിരഞ്ഞെടുത്തു.

ആയിരങ്ങളാണ് ഇന്നത്തെ ഫൈനല്‍ മത്സരം വീക്ഷിക്കാനെത്തിയത്. അടുത്ത് വരുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിലെ ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളായ കെ.പി സതീഷ് ചന്ദ്രനും രാജ്മോഹന്‍ ഉണ്ണിത്താനും അപ്രതീക്ഷിത അഥിതികളായി ഗ്രൗണ്ടിലെത്തിയത് കാണികളെ കൂടുതല്‍ ആവേശഭരിതരാക്കി.

ചാംപ്യന്‍ഷിപ്പിലെ മികച്ച ഗോള്‍കീപ്പറായി മിറാക്കിള്‍ കമ്പാറിന്‍റെ സൈനുവിയും എമര്‍ജിംഗ് പ്ളയറായി സിറ്റിസണ്‍ ഉപ്പളയുടെ മുനവ്വറിനെയും ടോപ് സ്കോററായി എം.എസ്.സി മൊഗ്രാലിന്‍റെ സിറാജിനെയും മികച്ച ഫോര്‍വേഡായി എം.എസ്.സി മൊഗ്രാലിന്‍റെ സിറാജിനെ തന്നെയും മികച്ച ഡിഫന്‍ഡറായി എം.എസ്.സി മൊഗ്രാലിന്‍റെ ഇസ്ഹാക്കിനെയും ചാംപ്യന്‍ഷിപ്പിലെ മികച്ച താരമായി വി.എസ്.സി വാഴുന്നോറടിയുടെ റോഷനെയും ചാംപ്യന്‍ഷിപ്പിലെ എമര്‍ജിംഗ് ടീമായി ബാജിയോ ഫാന്‍സ് ഉദുമയെയും തിരഞ്ഞെടുത്തു. ജേതാക്കള്‍ക്കുള്ള ട്രോഫി മഞ്ചേശ്വരം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്റഫ് സമ്മാനിച്ചു.

സമാപന ചടങ്ങില്‍ മംഗല്‍പ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്, ഡി.എഫ്.എ വൈസ് പ്രസിഡണ്ട് വീരമണി ചെറുവത്തൂര്‍, സെക്രട്ടറിമാരായ ഷാജിയും കബീര്‍ കമ്പാറും, ട്രഷറര്‍ അഷ്റഫ് സിറ്റിസണ്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി ലതീഫ് പെരിയ, വൈസ് പ്രസിഡണ്ട് രാജന്‍, കെ.എഫ്.എ എക്സിക്യൂട്ടീവ് അംഗം പ്രസീദ് ഉദുമ, അക്തര്‍ സിറ്റിസണ്‍, ഹനീഫ് ബി.എസ്, ഹാറൂന്‍ റഷീദ്, നാസിര്‍ പി.എം, ഉമ്പായി സിറ്റിസണ്‍, റഹ്മാന്‍ ഗോള്‍ഡന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here