ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന് നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ ഇരുപതാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ മിറാക്കിള്‍ കമ്പാറിന് ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ ബ്ളേസ് തളങ്കരയെയാണ് മിറാക്കിള്‍ കമ്പാര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. മിറാക്കിള്‍ കമ്പാറിന്റെ സെന്റര്‍ ഫോര്‍വേഡ് നൗഫലിനെ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തു.
ഇന്നത്തെ മത്സരത്തോടെ മിറാക്കിള്‍ കമ്പാറും ബ്ളേസ് തളങ്കരയും ചാംപ്യന്‍ഷിപ്പിലെ തങ്ങളുടെ പോരാട്ടങ്ങള്‍ അവസാനിപ്പിച്ചു. മിറാക്കിള്‍ കമ്പാര്‍ നേരത്തെ തന്നെ ചാംപ്യന്‍പട്ടം നേടാനുള്ള സാധ്യതയില്‍ നിന്നും പുറത്തായിരുന്നു. ആറ് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി മിറാക്കിള്‍ കമ്പാര്‍ നോര്‍ത്ത് സോണ്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ബാജിയോ ഫാന്‍സ് ഉദുമ ആറ് കളികളില്‍ പന്ത്രണ്ട് പോയിന്റുമായി പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്തെത്തുണ്ട്. ബാജിയോ ഫാന്‍സ് ഉദുമയുടെ ചാംപ്യന്‍ഷിപ്പിലെ പോരാട്ടങ്ങള്‍ അവസാനിച്ചു. എം.എസ്.സി മൊഗ്രാല്‍ അഞ്ച് കളികളില്‍ പത്ത് പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്ക്കുന്നു. എം.എസ്.സി മൊഗ്രാല്‍ നാളെ നടക്കുന്ന ചാംപ്യന്‍ഷിപ്പിലെ അവസാനത്തേതും തങ്ങള്‍ക്ക് നിര്‍ണായകവുമായ മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പളയെ നേരിടും. സിറ്റിസണ്‍ ഉപ്പളയെ പരാജയപ്പെടുത്താനായാല്‍ എം.എസ്.സി മൊഗ്രാലിന് സോണ്‍ ചാംപ്യന്‍പട്ടം കരസ്ഥമാക്കാം. ഇല്ലെങ്കില്‍ ബാജിയോ ഫാന്‍സ് ഉദുമ സോണ്‍ ചാംപ്യനാകും. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നാഷണല്‍ കാസര്‍കോട് ഒമ്പത് പോയിന്റോടെ നലാം സ്ഥാനത്തും ആറ് കളികളില്‍ ഒമ്പത് പോയിന്റോടെ നാഷണല്‍ ചെമ്പിരിക്ക അഞ്ചാം സഥാനത്തുമായി തങ്ങളുടെ പോരാട്ടങ്ങള്‍ അവസാനിപ്പിച്ചു. അഞ്ച് കളികളില്‍ നാല് പോയിന്റുള്ള സിറ്റിസണ്‍ ഉപ്പള ആറാം സ്ഥാനത്തുണ്ട്. ആറ് കളികളില്‍ നാല് പോയിന്റുമായി ബ്ളേസ് തളങ്കര ഏഴാം സ്ഥാനത്തായി.
ബാജിയോ ഫാന്‍സ് ഉദുമക്കും എം.എസ്.സി മൊഗ്രാലിനും സോണ്‍ ചാംപ്യനാകാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ചാംപ്യനെ അറിയാനുള്ള ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിവസമായ നാളത്തെ മത്സരത്തിന് ആവേശം കൂടും.
നോര്‍ത്ത് സോണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീം സൗത്ത് സോണിലെ ചാംപ്യന്മാരായ വി.എസ്.സി വാഴുന്നോറടിയുമായി ഫൈനലില്‍ ഏറ്റുമുട്ടും. ഉപ്പളയിലാണ് ഈ പ്രാവശ്യത്തെ ഫൈനല്‍ മത്സരം അരങ്ങേറുക.