ദോഹ (www.mediavisionnews.in): തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കുന്നതും മെഡിക്കല്‍ പരിശോധന നടത്തുന്നതും അടക്കമുള്ള നടപടികളെല്ലാം ഇനി കേരളത്തില്‍ വച്ചുതന്നെ പൂര്‍ത്തിയാക്കാനാകും. ഖത്തര്‍ ആഭ്യന്തരമന്ത്രാലയം നിയോഗിച്ച പ്രത്യേക ഏജന്‍സിയുടെ കീഴില്‍ കൊച്ചി ഇടപ്പള്ളിയില്‍ ഇതിനായി വിസാ കേന്ദ്രം തുടങ്ങും.
ഇതോടെ കൊച്ചി ഓഫീസിലെ നടപടിക്രമങ്ങള്‍ക്കു ശേഷം ഖത്തറിലെത്തി നേരിട്ടു ജോലിയില്‍ പ്രവേശിക്കാം. ജോലിക്കു പ്രവേശിക്കുന്ന ദിവസം തന്നെ റസിഡന്‍സി ഐഡന്റിറ്റി കാര്‍ഡു ലഭിക്കും. ഇതോടെ ഖത്തറില്‍ എത്തിയ ശേഷം മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ട് മടങ്ങിപ്പോകുന്ന അവസ്ഥയും ഒഴിവാക്കാനാകും.
ഖത്തറിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് സുതാര്യമായ നടപടികളിലൂടെ കടന്നു പോകാനാകുമെന്നതാണ് ഏറ്റവും പ്രധാനം. ഇതുവഴി തൊഴില്‍ ചൂഷണം അടക്കമുള്ളവ പൂര്‍ണമായും ഇല്ലാതാകും. ഇടനിലക്കാരുടെ ചൂഷണവും നിലയ്ക്കും.
ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലാണ് വീസ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നോ എന്നിവിടങ്ങളിലും വീസ കേന്ദ്രങ്ങള്‍ തുടങ്ങും.