ദില്ലി(www.mediavisionnews.in): രാജ്യത്തെ ക്യാന്‍സര്‍ ചികിത്സാ ചെലവില്‍ വന്‍ ആശ്വാസം നല്‍കുന്ന തീരുമാനവുമായി ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി (എന്‍പിപിഎ). 390 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 87 ശതമാനം വരെയാണ് വിലയില്‍ കുറവ് വരുത്തിയത്. രാജ്യത്തെ ഔഷധ വിപണന മേഖലയിലെ വില നിയന്ത്രണ സംവിധാനമാണ് എന്‍പിപിഎ. മുന്‍പ് 42 ക്യാന്‍സര്‍ മരുന്നുകള്‍ക്ക് എന്‍പിപിഎ 30 ശതമാനം വില കുറച്ചിരുന്നു.
പുതിയതായി 390 മരുന്നുകള്‍ക്ക് വിപണി വില നിശ്ചയിച്ചതിലൂടെ ക്യാന്‍സര്‍ ചികിത്സാരംഗത്തെ 91 ശതമാനം മരുന്നുകളും രാജ്യത്ത് വില നിയന്ത്രണ സംവിധാനത്തിന്‍റെ പരിധിയിലായി. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് 426 തരം മരുന്ന് ബ്രാന്‍ഡുകളാണ് വിപണിയില്‍ സജീവമായുളളത്.
കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന്‍റെ നിഗമനത്തില്‍ ഈ നടപടി രാജ്യത്തെ 22 ലക്ഷം ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രയോജനകരമാകും. വാര്‍ഷിക കണക്കില്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് 800 കോടിയുടെ ലാഭമുണ്ടാകുകയും ചെയ്യും. പുതിയ നിരക്കുകള്‍ മാര്‍ച്ച് എട്ട് മുതല്‍ നിലവില്‍ വരും.