കൊച്ചി: കേരളത്തില്‍ ഖത്തര്‍ വിസ കേന്ദ്രം അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക ഏജന്‍സിയുടെ കീഴില്‍ ഇടപ്പള്ളിയില്‍ ആരംഭിക്കുന്ന കേന്ദ്രത്തില്‍ വെച്ച് തൊഴില്‍ വിസയുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കാനാവും. കൊച്ചിക്ക് പുറമെ മുംബൈ, ദില്ലി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നോ എന്നിവിടങ്ങളിലും വിസ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നുണ്ട്.
തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്ക് ബയോമെട്രിക് ഉള്‍പ്പെടെ സമ്പൂര്‍ണ മെഡിക്കല്‍ പരിശോധനയും തൊഴില്‍ കരാര്‍ ഒപ്പുവെയ്ക്കുന്നതും ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും നാട്ടില്‍ വെച്ചുതന്നെ പൂര്‍ത്തീകരിക്കാനാവും. നടപടികള്‍ പൂര്‍ത്തിയാക്കി ഖത്തിറില്‍ എത്തിയാല്‍ നേരിട്ട് ജോലിയില്‍ പ്രവേശിക്കാം. എത്തുന്ന ദിവസം തന്നെ റെസിഡന്‍സി കാര്‍ഡും ലഭിക്കും. ഇന്ത്യ ഉള്‍പ്പെടെ എട്ട് രാജ്യങ്ങളിലാണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങുന്നത്.
ഖത്തറിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണിത്. നാട്ടില്‍ വെച്ചുതന്നെ തൊഴില്‍ കരാര്‍ ഒപ്പുവെച്ച ശേഷം മാത്രം യാത്ര ചെയ്താല്‍ മതിയെന്നുവരുന്നതോടെ തൊഴില്‍ തട്ടിപ്പുകള്‍ പൂര്‍ണമായി ഇല്ലാതാവും. ഇടനിലക്കാരുടെ ചൂഷണവും നിലയ്ക്കും. ഖത്തറില്‍ എത്തിയ ശേഷം മെഡിക്കല്‍ പരിശോധനയില്‍ പരാജയപ്പെട്ട് മടങ്ങിപ്പോകുന്ന അവസ്ഥയും ഒഴിവാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും.