കേരളത്തിലെ പാര്‍ട്ടികള്‍ക്ക് നല്ല പണി:വോട്ടെടുപ്പിന് 43 ദിവസം,ഫലമറിയാൻ 73 ദിവസം

0
169

തിരുവനന്തപുരം(www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പിന് സര്‍വ്വസജ്ജരായി കളത്തിലേക്ക് ചാടാനൊരുങ്ങുന്ന കേരളത്തിലെ പാര്‍ട്ടികള്‍ക്ക് എട്ടിന്‍റെ പണിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കൊടുത്തിരിക്കുന്നത്. ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കും എന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ പാര്‍ട്ടികളെല്ലാം തന്നെ. 

സ്ഥാനാര്‍ഥി നിര്‍ണയം അതിവേഗം പൂര്‍ത്തിയാക്കി ഇടതുപക്ഷ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയത് തന്നെ മറ്റു രണ്ട് മുന്നണികള്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തും മുന്‍പ് ആദ്യഘട്ട പ്രചരണം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന് 43 ദിവസം കഴിഞ്ഞാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. ഫലം വരുന്നതാവട്ടെ പിന്നെയും ഒരുമാസം കഴിഞ്ഞും.

പ്രതീക്ഷിച്ചതിലും രണ്ടാഴ്ച്ചയിലധികം പ്രചരണം നടത്തേണ്ടി വരുന്ന അവസ്ഥയാണ് ഇതിലൂടെ കേരളത്തിലെ പാര്‍ട്ടികള്‍ നേരിടേണ്ടി വരിക. അത്രയും ദിവസം കൂടി ജനങ്ങളോട് വോട്ട് ചോദിക്കമല്ലോ എന്നാണ് നേതാക്കള്‍ ആദ്യം പ്രതികരിച്ചതെങ്കിലും നീണ്ട 40 ദിവസങ്ങള്‍ ആവേശം ചോരാതെ പ്രചരണം കൊണ്ടു പോകുക എന്നത് ചില്ലറ കളിയല്ല. 

കേരളത്തിലെ കടുത്ത ഉഷ്ണകാലാവസ്ഥയാണ് രാഷ്ട്രീയക്കാര്‍ നേരിടുന്ന ആദ്യത്തെ വെല്ലുവിളി. ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവാസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സംസ്ഥാനമാണ് കേരളം. സൂര്യതാപത്തിനുള്ള സാധ്യതയും സജീവം.നീണ്ട നാല്‍പ്പത് ദിവസം പ്രചരണം നടത്തണമെങ്കില്‍ അതിനുള്ള ആരോഗ്യവും ഊര്‍ജ്ജവും സ്ഥാനാര്‍ഥിയും നേതാക്കന്‍മാരും പ്രവര്‍ത്തകരും സംരഭിക്കണം.

സ്വാഭാവികമായും രാവിലെ നേരത്തെ പ്രചരണം ആരംഭിച്ച് പകലോടെ പ്രചരണം അവസാനിപ്പിക്കുകയും ഉച്ചവെയില്‍ അടങ്ങിയ ശേഷം പ്രചരണം നടത്തുകയും ചെയ്യുകയാവും സ്ഥാനാര്‍ഥികളുടെ തന്ത്രം. കഴിഞ്ഞ വേനലില്‍ നടന്ന മലപ്പുറം ഉപതെര‍ഞ്ഞെടുപ്പില്‍ വിവിധ മുന്നണികള്‍ ഈ മാതൃകയാണ് പിന്തുണര്‍ന്നത്. 

നാല്‍പ്പത് ദിവസത്തോളം പ്രചരണസംവിധാനം താളം തെറ്റാതെ കൊണ്ടു പോകുക എന്നതാണ് അടുത്ത വെല്ലുവിളി പ്രവര്‍ത്തകരുടെ ആവേശം ടോപ് ഗിയറില്‍ നിര്‍ത്തുവാന്‍ കവല പ്രസംഗം മാത്രം മതിയാവില്ല. ഭാരിച്ച പണചിലവുണ്ട്. സ്ഥാനാര്‍‍ഥികളുടെ പാര്‍ട്ടികളുടേയും കീശ കാലിയാക്കുന്നതിന് നീണ്ടു പോകുന്ന പ്രചരണം വഴിവയ്ക്കും എന്നുറപ്പാണ്. എല്ലാ പാര്‍ട്ടികളും സ്വന്തം നിലയില്‍ കേരളയാത്രയൊക്കെ നടത്തി ഫണ്ട് ശേഖരണം നടത്തിയെങ്കിലും ചിലവ് കണക്കുകൂട്ടിയിടത്ത് നില്‍ക്കാന്‍ സാധ്യതയില്ല. 

പ്രചരണദിവസങ്ങള്‍ കൂടുന്നതിന് അനുസച്ചരിച്ച് പ്രചരണവിഷയങ്ങളും മാറി മാറി വരും. പക്വതയോടെ സംസാരിക്കുകയും അണികളും ആ മര്യാദ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ട ബാധ്യത പാര്‍ട്ടികള്‍ക്കുണ്ട്. സമൂഹമാധ്യമങ്ങളിലെ പ്രചരണം സൂഷ്മമായി നിരീക്ഷിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കൊണ്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില‍്‍ അറോറ അറിയിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടേയോ അല്ലാതെയോ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ നടത്തുന്ന പരാമര്‍ശത്തിനും പ്രവൃത്തികള്‍ക്കും സ്ഥാനാര്‍തഥിയും പാര്‍ട്ടിയും വില നല്‍കേണ്ടി വരുമെന്നുറപ്പാണ്. കെഎം ഷാജി, കാരാട്ട് റസാഖ് എന്നിവരുടെ അനുഭവം മുന്നിലുണ്ട്. അടുത്ത ഒന്നരമാസം ചിട്ടയായ പ്രവര്‍ത്തനചട്ടം അണികളെ കൊണ്ട് പാലിപ്പിക്കേണ്ടതുണ്ട് നേതാക്കള്‍ക്ക്. 

വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷദിവസങ്ങള്‍ ഇതിനിടയില്‍ കടന്നു വരുന്നുണ്ട്. കഴിഞ്ഞ തവണ വിഷുവിനും മുന്‍പേ തന്നെ പ്രചരണവും തെരഞ്ഞെടുപ്പുമൊക്കെ കഴിഞ്ഞ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും സ്വസ്ഥരായിരുന്നു എന്നാല്‍ ഇക്കുറി അതുണ്ടാവില്ല.രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല മാധ്യമപ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം ഇത് തലവേദനയുടെ കാലമാണ്. 

പകുതിയിലേറെ മണ്ഡലങ്ങളും കടുത്ത മത്സരങ്ങള്‍ നടക്കുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത സ്വാഭാവികമായും പ്രചരണത്തിന്‍റെ തീവ്രതയും അതിനൊന്ന് ഉയരും. ഇരുപത് തവണ വരെ വീടുകളില്‍ കയറി വോട്ട് ചോദിക്കാനാണ് പല പാര്‍ട്ടികളും താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പ്രചരണദിനം കൂടുന്പോള്‍ ഭവനസന്ദര്‍ശനവും വോട്ടറെ നേരില്‍ കണ്ടുള്ള വോട്ടുപിടുത്തവും സജീവമാവും. മൂന്ന് മുന്നണികളും കൂടി മെനക്കെട്ടിറങ്ങുന്നതോടെ ഇനി കേരളത്തിലെ വീടുകളില്‍ വോട്ടു ചോദിച്ചു വരുന്ന വിരുന്നകാരുടെ കാലമാണ്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here