കാസർകോട്(www.mediavisionnews.in): രാജ്മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായ പ്രശ്നങ്ങള്‍ക്ക് താല്‍കാലിക വിരാമം. ആവശ്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം പരിഹരിക്കുമെന്ന ഉറപ്പ് സംസ്ഥാന നേതൃത്വം നല്‍കിയതോടെയാണ് വിമതര്‍ പ്രതിക്ഷേധം അവസാനിപ്പിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള പ്രവര്‍ത്തകരുടെ വികാരം ഡിസിസി പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തെ കൃത്യമായി ധരിപ്പിച്ചില്ലെന്നാരോപിച്ചാണ് ഒരു വിഭാഗം പ്രതിക്ഷേധവുമായി രംഗത്തെത്തത്.
സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്ന സുബ്ബയ്യ റൈയെ മാറ്റി രാജ്മോഹന്‍ ഉണ്ണിത്താനെ കാസര്‍കോട് അങ്കത്തിനിറക്കാന്‍ തിരുമാനിച്ചതോടെയാണ് ജില്ലാ നേതൃത്വത്തിനെതിരെ കലാപകൊടിയുയര്‍ന്നത്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ഡിസിസി നേതൃത്വത്തിന്റെയും, പ്രവര്‍ത്തകരുടേയും അഭിപ്രായം ഡിസിസി അധ്യക്ഷന്‍ കൃത്യമായി സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ലെന്നായിരുന്നു ആക്ഷേപം.
തര്‍ക്കം രൂക്ഷമായതോടെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയും വിമതരുമായി ചര്‍ച്ച നടത്തി. ഡിസിസി പ്രസിഡന്റിന്റെ ഏകാധിപത്യം അവസാനിപ്പിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളായിരുന്നു ഉയര്‍ന്നത്. തിരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പുനല്‍കി.
എന്നാല്‍ പ്രാദേശിക എതിര്‍പ്പുകള്‍ താല്‍ക്കാലിക വികാരപ്രകടനം മാത്രമെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ വിലയിരുത്തല്‍. സുബ്ബയ്യ റൈയെക്കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് തീരുമാനം. കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ലീഗ് നേതൃത്വത്തിനും അമര്‍ഷമുണ്ട്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നാണ് ആവശ്യം. സ്ഥാനാര്‍ഥിത്വം നിഷേധിച്ചതില്‍ പരാതിയില്ലെന്ന നിലപാടിലാണ് സുബ്ബയ്യ റൈ.