തിരുവനന്തപുരം(www.mediavisionnews.in): സീറ്റ് വിഭജനം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇടതു മുന്നണിയില്‍ കലാപക്കൊടി. ലോക്‌സഭാ സീറ്റ് തരില്ലെന്ന് ജനതാദളിനെ (എസ്) ഇതിനകം സിപിഎം ധരിപ്പിച്ചിട്ടുണ്ട്. സീറ്റ് വേണമെന്ന് ആവശ്യത്തില്‍ നിന്ന് പിന്മാറണമെന്ന് സിപിഎം ജനതാദളിനോട് നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് അടിയന്തര നേതൃയോഗം ചേരുന്നതിനാണ് ജെഡിഎസ് തീരുമാനം.
16 സീറ്റില്‍ സിപിഎമ്മും നാലു സീറ്റില്‍ സിപിഐയും മത്സരിക്കും. സിപിഐയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇതിനകം തന്നെ അവര്‍ പുറത്തുവിട്ടു. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കി. സിപിഎമ്മിലും ഏകദേശ ധാരണയായിട്ടുണ്ട്. കോട്ടയത്ത് ജെഡിഎസിന്റെ പോരാട്ടം ദുര്‍ബലമായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജെഡിഎസിന് സീറ്റ് കൊടുത്താല്‍ മറ്റു കക്ഷികളും സീറ്റ് ചോദിക്കുമെന്നാണ് സിപിഎമ്മിന്റെ വാദം.
സിപിഎമ്മിനും സിപിഐയ്ക്കും പുറമെ കഴിഞ്ഞ പ്രാവശ്യം സീറ്റ് ലഭിച്ച ഏക കക്ഷിയാണ് ജെഡിഎസ്. ഇത്തവണ അത് നിഷേധിച്ചതിനെതിരെ കെ. കൃഷ്ണന്‍കുട്ടി, മാത്യു ടി. തോമസ്, സി.കെ നാണു എന്നിവര്‍ രംഗത്തു വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഐയോടും സിപിഎമ്മിനോടും ജെഡിഎസ് ചര്‍ച്ച നടത്തിയിരുന്നു. ഇരുപാര്‍ട്ടികളും സീറ്റ് ജെഡിഎസിനു നല്‍കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന സിപിഎമ്മും സിപിഐയും നല്‍കുന്നില്ലെന്ന് പരിഭവം മറ്റു കക്ഷികള്‍ക്കുമുണ്ട്. അവര്‍ അത് പരസ്യമായി പ്രകടിപ്പിക്കുന്നില്ലെങ്കിലും തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്വാധീന മേഖലകളില്‍ എടുക്കുന്ന നിലപാട് നിര്‍ണായകമായി മാറും.