ദില്ലി(www.mediavisionnews.in): അയോധ്യ ഭൂമിതര്‍ക്ക കേസ് പരിഹരിക്കാന്‍ മധ്യസ്ഥതക്ക് വിടണമോ എന്ന വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. മധ്യസ്ഥശ്രമങ്ങളെ എതിര്‍ക്കുന്നതായി ഹിന്ദു മഹാസഭയുടെ അഭിഭാഷകന്‍ ഹരിശങ്കര്‍ ജയിന്‍ കോടതിയെ അറിയിച്ചു. മധ്യസ്ഥശ്രമത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് അറിയിപ്പ് നല്‍കാന്‍ കോടതി നോട്ടീസ് ഇറക്കണമെന്ന് ഹിന്ദു മഹാസഭ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നാണ് മുസ്ലീം സംഘടനകലുടെ നിലപാട്.
കക്ഷികള്‍ മധ്യസ്ഥതക്ക് സമ്മതിച്ചാലും ജനം അംഗീകരിക്കണം എന്നില്ല എന്നായയിരുന്നു ഹിന്ദു മഹാസഭയുടെ വാദം. അയോദ്ധ്യ വിഷയം മതപരവും വൈകാരികവുമായ വിഷയമാണെന്നും കേവലം സ്വത്ത് തര്‍ക്കം അല്ലെന്നും ഹിന്ദു മഹാസഭ വാദിച്ചു. മധ്യസ്ഥ ശ്രമങ്ങള്‍ തുടങ്ങും മുന്‍പേ പരാജയപ്പെടുമെന്ന് പറയുകയാണോ എന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു. മധ്യസ്ഥത ആവുമ്ബോള്‍ വിട്ടു വീഴ്ച വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എങ്ങിനെ മുറിവുണക്കാം എന്നാണ് കോടതി ആലോചിക്കുന്നതെന്നും കോടതി പറഞ്ഞു. മധ്യസ്ഥചര്‍ച്ചയ്ക്ക് മുന്‍പ് പൊതു ജനങ്ങള്‍ക്ക് നോട്ടീസ് നല്‍കേണ്ട ആവശ്യം ഇല്ലെന്ന് കോടതി പറഞ്ഞു.
മധ്യസ്ഥചര്‍ച്ചക്ക് കക്ഷികളുടെ അനുമതി നിര്‍ബന്ധമില്ലെന്ന് മുസ്ലീം സംഘടനകള്‍ക്ക് വേണ്ടി രാജീവ് ധവാന്‍ വാദിച്ചു. ഇക്കാര്യത്തില്‍ കോടതിക്ക് ഉചിതമായി തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മധ്യസ്ഥചര്‍ച്ച മുസ്ലിം സംഘടനകള്‍ക്ക് സമ്മതമാണെന്നും രാജീവ് ധവാന്‍ കോടതിയെ അറിയിച്ചു. കോടതിക്ക് മധ്യസ്ഥചര്‍ച്ചയ്ക്കുള്ള വ്യവസ്ഥകള്‍ നിശ്ചയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഏതു തീരുമാനവും അംഗീകരിക്കാന്‍ കക്ഷികള്‍ ബാധ്യസ്ഥരാണെന്നും രാജീവ് ധവാന്‍ പറഞ്ഞു.
അന്തിമ വിധി വന്നാല്‍ കോടതിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇപ്പോഴേ കഴിയൂ. അതിനാണ് ശ്രമം നടത്തുന്നതെന്നും ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. കേസിലെ വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെപ്പറ്റി ബോധ്യമുണ്ട്. പണ്ട് നടന്ന കാര്യങ്ങള്‍ കോടതി നോക്കുന്നില്ലെന്നും ഇപ്പോള്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് കോടതി പരിശോധിക്കുന്നതെന്നും ജസ്റ്റിസ് ബോബ്ഡെ പറഞ്ഞു. മധ്യസ്ഥ ചര്‍ച്ചകളുടെ രഹസ്യ സ്വഭാവം ഉറപ്പു വരുത്തുമെന്നും കോടതി പറഞ്ഞു.