30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ; 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാല് യുവാക്കള്‍ അറസ്റ്റില്‍

0
249

സോള്‍ (www.mediavisionnews.in): ദക്ഷിണകൊറിയയില്‍ വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ ഘടിപ്പിച്ച് 1600 അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റിലായി. ഹോട്ടല്‍ മുറികളിലെ ഭിത്തികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും അനേകം രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ച് അതിലൂടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ആവശ്യക്കാര്‍ക്കായി തത്സമയം സംപ്രേഷണം നടത്തുകയായിരുന്നു.

ദക്ഷിണ കൊറിയയില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ ചാരപ്പണികളില്‍ ഒന്ന് എന്നായിരുന്നു രാജ്യാന്തര മാധ്യമങ്ങള്‍ സംഭവത്തിനു നല്‍കിയ ശീര്‍ഷകം. ഡിജിറ്റല്‍ ടെലിവിഷന്‍ ബോക്‌സുകളിലും ഭിത്തിയുടെ സോക്കറ്റുകളിലും ഹെയര്‍ ഡ്രൈയറുകളിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ച ക്യാമറ വഴിയായിരുന്നു സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഹോട്ടല്‍ മുറിയിലെ അതിഥികളുടെ സ്വകാര്യ സംഭാഷണങ്ങളും കുളിമുറിയിലെ രംഗങ്ങളും ലൈംഗിക ദൃശ്യങ്ങളും പ്രാഥമിക കൃത്യങ്ങളും വരെ ഇടപാടുകാരുടെ കംപ്യൂട്ടറുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുകയായിരുന്നു.

44.95 ഡോളറിന് അംഗമായി ചേര്‍ന്നിട്ടുളള 4000 പേര്‍ക്കാണു ദൃശ്യങ്ങള്‍ നല്‍കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ദക്ഷിണ കൊറിയയിലെ 30 ഓളം ഹോട്ടലുകളില്‍! നിന്നു ദൃശ്യങ്ങള്‍ ചോര്‍ന്നത്. നവംബറില്‍ പ്രതികള്‍ ഒരു വെബ്‌സൈറ്റ് നിര്‍മ്മിക്കുകയും ദൃശ്യങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. മുഴുവന്‍ വിഡിയോയോ 30 സെക്കന്റ് ദൈര്‍ഘ്യമുളള ചെറിയ ക്ലിപ്പുകളായോ ഉപയോക്താക്കള്‍ക്കു ദൃശ്യങ്ങള്‍ കാണത്തക്ക വിധമായിരുന്നു ക്രമീകരണം. 800 ഓളം വിഡിയോ ദൃശ്യങ്ങളാണു പ്രതികള്‍ ഇത്തരത്തില്‍ അപ്‌ലോഡ് ചെയ്തത്.

വെബ്‌സൈറ്റ് രൂപീകരണത്തിന്റെ പേരില്‍ 97 ഓളം പേരില്‍ നിന്നു പ്രതികള്‍ പണം പിരിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ലൈംഗിക ഉള്ളടക്കമുള്ള വിഡിയോയുടെ നിര്‍മാണവും പ്രചാരണവും ദക്ഷിണ കൊറിയയില്‍ നിയമവിരുദ്ധമാണ്. തങ്ങളുടെ അതിഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തുന്നത് ഹോട്ടല്‍ ഉടമകള്‍ക്ക് അറിയാമായിരുന്നുവെങ്കിലും മൗനം പാലിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതെ ചൊല്ലി വന്‍ പ്രതിഷേധമാണ് ദക്ഷിണ കൊറിയയില്‍ ആഞ്ഞടിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here