ഭോപ്പാൽ: (www.mediavisionnews.in): മധ്യപ്രദേശിലെ സാഗറില്‍ പന്ത്രണ്ട് വയസുകാരിയെ സഹോദരന്‍മാരും അമ്മാവനും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി തലയറുത്തു കൊന്നു. മാര്‍ച്ച് 14 നാണ് സംഭവം നടന്നത്. സ്‌കൂള്‍ വിട്ട ശേഷവും കുട്ടിയെ കാണാതിരുന്നതിനാല്‍ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ഗ്രാമത്തിനടുത്ത് തലയറുത്ത നിലയില്‍ കുഴിച്ചുമൂടിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെയും അമ്മാവന്‍ ഛോട്ടേ പട്ടേലിനെയും പൊലീസ് അറസ്റ്റു ചെയ്തു.
പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഇയാളും ഭാര്യയും ശ്രമിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തതോടെ കൊലയ്ക്കു പിന്നില്‍ ഇയാളാണെന്നു വ്യക്തമായി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍മാര്‍ക്കും കൊലയില്‍ പങ്കുണ്ടെന്നും വ്യക്തമായി. പട്ടേലും പെണ്‍കുട്ടിയുടെ കുടുംബവും തമ്മില്‍ ഭൂമിതര്‍ക്കം നിന്നിരുന്നു. ഇതാണ് കൊലയ്ക്കു കാരണമായതെന്നാണു പോലീസ് പറയുന്നത്.
പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. സ്‌കൂള്‍ വിട്ടുവന്നപ്പോള്‍ പ്രതികളായ സഹോദന്‍മാരില്‍ ഒരാളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അമ്മാവന്റെ വീട്ടില്‍വച്ച് പെണ്‍കുട്ടി സഹോദരന്‍മാരാല്‍ കൂട്ടമാനഭംഗത്തിനിരയായി. അമ്മാവന്‍ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ സംഭവമറിഞ്ഞ് സഹോദരന്‍മാരെ ശാസിച്ചെങ്കിലും പിന്നീട് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
പീഡനം പോലീസിനെ അറിയിക്കുമെന്നു പെണ്‍കുട്ടി പറഞ്ഞതോടെ അമ്മാവന്റെ ഭാര്യ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം തലയറുത്ത് മൃതദേഹം പാടത്ത് തള്ളി. പെണ്‍കുട്ടിയുടെ മൂത്ത സഹോദരനാണ് ഒളിവില്‍ പോയിരിക്കുന്നത്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നു പോലീസ് അറിയിച്ചു. മൂത്ത സഹോദരന്‍ പെണ്‍കുട്ടിയെ മുമ്പും പീഡനത്തിനിരയാക്കിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. ഇയാളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും കൊലക്ക് ഉപയോഗിച്ച ആയുധവും കണ്ടെത്തി.