പട്ന(www.mediavisionnews.in): വിമത ബിജെപി നേതാവും എംപിയുമായ ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരുന്നു. ബീഹാര്‍ കോണ്‍ഗ്രസ് നേതൃത്വമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത് മുതല്‍ സിന്‍ഹ കോണ്‍ഗ്രസിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
ബീഹാറിലെ പട്നസാഹിബ് മണ്ഡലത്തെയാണ് സിന്‍ഹ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത്. ബിജെപി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരസ്യവിമര്‍ശനങ്ങളും സിന്‍ഹയ്ക്ക് വിമതപരിവേഷം ലഭിക്കാന്‍ കാരണമായി. പ്രതിപക്ഷകൂട്ടായ്മകളോട് സിന്‍ഹ പ്രകടിപ്പിച്ച താല്പര്യവും അദ്ദേഹത്തെ ബിജെപിക്ക് അനഭിമതനാക്കി. ഇതേത്തുടര്‍ന്നാണ് സിന്‍ഹയെ ഒഴിവാക്കി പട്നസാഹിബ് സീറ്റ് രവിശങ്കര്‍ പ്രസാദിന് നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ അതേ നാണയത്തില്‍ ബിജെപിക്ക് തിരിച്ചടി നല്‍കുമെന്ന് ശത്രുഘ്നന്‍ സിന്‍ഹ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കോണ്‍ഗ്രസ് യുക്ത ഭാരതത്തിന് സമയമായി എന്ന് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതോടെയാണ് സിന്‍ഹ കോണ്‍ഗ്രസിലേക്ക് പോകുകയാണെന്ന് അഭ്യൂഹങ്ങള്‍ ശക്തമായത്. പിന്നാലെ കോണ്‍ഗ്രസ് ഇത് സ്ഥിരീകരിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കകം ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് വച്ച് ശത്രുഘ്നന്‍ സിന്‍ഹ പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.