മലപ്പുറം(www.mediavisionnews.in): രാജ്യത്ത് അധികാരത്തിൽ വരേണ്ടത് മികച്ച ജനാധിപത്യ മുന്നണി സംവിധാനമാണെന്നും എങ്കിലേ ഭരണസംവിധാനം ജനകീയമാകുവെന്നും കേരള മുസ്‌ലിം ജമാഅത്ത് അധ്യക്ഷൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വാർഷിക കൗൺസിൽ ലീഡേഴ്‌സ് അസംബ്ലിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സംബന്ധിച്ച സംഘടനയുടെ നിലപാട് പാർട്ടികളുടെ സ്ഥാനാർഥി നിർണയം കഴിഞ്ഞതിന് ശേഷം തീരുമാനിക്കും.
നിലവിൽ പാർട്ടികൾ സ്ഥാനാർഥികളെ നിർത്തുന്ന കാര്യത്തിൽ ചർച്ച നടന്നുവരികയാണ്. ചർച്ചകൾ പൂർത്തിയായതിന് ശേഷം നിലപാട് അറിയിക്കേണ്ടവരെ അറിയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണം. വിദ്വേഷത്തിന്റെ പേരിൽ കൊല നടത്തുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ നാം മുന്നിട്ടിറങ്ങണം. ഭക്ഷണമടക്കം നൽകാൻ നമുക്ക് ബാധ്യതയുണ്ട്. നാടുകളിൽ സാമൂഹിക വിരുദ്ധ പ്രവർത്തങ്ങളിൽ ഉൾപ്പെടുന്നവരെ ബോധവത്കരണത്തിലൂടെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിയണം. അതിനായി വ്യക്തി, കുടുംബം മഹല്ല് തലങ്ങളിൽ എല്ലാവിഭാഗം ജനങ്ങളെയും ബോധവത്കരിക്കുന്നതിനായി കർമപദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.
ന്യൂസിലാൻഡിലെ പള്ളിയിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവെപ്പിൽ ദുഃഖം രേഖപ്പെടുത്തുന്നതായും കാന്തപുരം അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
ധാർമിക ബോധമുള്ള പൗരന്മാരെ വളർത്തി കൊണ്ട് സമൂഹത്തിന് ശക്തി പകരണം. മത സൗഹാർദവും മത മൈത്രിയും നിലനിർത്തേണ്ടത് രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.