ശബരിമല ഹര്‍ത്താലിലെ അക്രമങ്ങള്‍; 1097 കേസുകളിലും നേതാക്കളെ പ്രതികളാക്കുമെന്ന് ഹൈക്കോടതിയില്‍ പൊലീസ്

0
207

കൊച്ചി(www.mediavisionnews.in): ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നടന്ന അക്രമ സംഭവങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത 1097 കേസുകളിലും നേതാക്കളെ പ്രതികളാക്കുമെന്ന് പൊലീസ് ഹൈക്കോടതില്‍.

ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല, ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍.കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.എസ് രാധാകൃഷ്ണന്‍, ടി.പി സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം. ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍ എം.എല്‍.എ, വി മുരളീധരന്‍ എം.പി, ആര്‍.എസ്.എസ് പ്രാന്ത് ചാലക് പി.ഇ.ബി മേനോന്‍ എന്നിവരെ എല്ലാ കേസുകളിലും പ്രതിയാക്കുമെന്ന് പൊലീസ് ഹെഡ് ക്വോര്‍ട്ടേഴ്സ് എ.ഡി.ജി.പി.പി അശോക് കുമാര്‍ ഐ.പി.എസ് സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.

ചില കേസുകളില്‍ ഇവരെ പ്രതിയാക്കി കോടതിയില്‍ റിപോര്‍ട്ട് നല്‍കിക്കഴിഞ്ഞു. മറ്റു കേസുകളില്‍ പ്രതിയാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും സീനിയര്‍ ഗവ. പ്ലീഡര്‍ വി.മനു മുഖേനെ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.

നേരത്തെ ഹര്‍ത്താലിലുണ്ടായ നഷ്ടം ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബി.ജെ.പി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍.എസ്.എസ് നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു.

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമലയില്‍ ആരാധനക്ക് എത്തിയതിനെ തുടര്‍ന്നാണ് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ജനുവരി രണ്ടിന് രാവിലെ 3.45നാണ് രണ്ടു പേരും ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഇതിന് ശേഷമാണ് ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത്.

പൊലിസുകാര്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടിക്കണക്കിന് രൂപയുടെ നഷ്ടവുമുണ്ടാവുകയും ചെയ്തിരുന്നു. ഇത്തരം നഷ്ടങ്ങളുടെ ഉത്തരവാദിത്തം നേരിട്ടോ അല്ലാതെയോ അക്രമത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്കാണെന്ന കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസിലെ സുപ്രിംകോടതി വിധി നടപ്പാക്കണമെന്നായിരുന്നു ഹര്‍ജിയിലെ വാദം.


മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here