ന്യൂദല്‍ഹി(www.mediavisionnews.in): വയനാട്ടില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കാതെ രാഹുല്‍ ഗാന്ധി. രണ്ടാമതൊരു സീറ്റില്‍ മത്സരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ അദ്ദേഹം മടങ്ങി. ദല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന സമിതി യോഗത്തിനുശേഷമായിരുന്നു രാഹുല്‍ ഈ ചോദ്യത്തോട് ഒഴിഞ്ഞുമാറിയത്.
അമേഠിയ്ക്കു പുറമേ വയനാട് ലോക്‌സഭാ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു ആലോചന നടക്കുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്ന് വയനാട്ടില്‍ മത്സരിക്കാനിരുന്ന ടി. സിദ്ദിഖും അറിയിച്ചിരുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധി ഇതുവരെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. രാവിലെ ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ ആരാഞ്ഞപ്പോള്‍ രാഹുല്‍ പ്രതികരിക്കാതെ മടങ്ങുകയായിരുന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, പി. ചിദംബരം, പ്രിയങ്ക ഗാന്ധി തുടങ്ങിയ ഉന്നത നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
തെരഞ്ഞെടുപ്പു പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നല്‍കുകയെന്നതും യോഗത്തിന്റെ മുഖ്യ അജണ്ടയായിരുന്നു. പി. ചിദംബരം അധ്യക്ഷനായ കമ്മിറ്റിയാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക തയ്യാറാക്കിയത്.