തിരുവനന്തപുരം(www.mediavisionnews.in): രാഹുല്‍ ഗാന്ധി വയനാട് സീറ്റില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇന്നുതന്നെ തീരുമാനം എടുത്തേക്കും. എഐസിസി നേതൃത്വത്തിന്റെ അറിവോടെയാണ് കെപിസിസി നേതൃത്വം രാഹുല്‍ ഗാന്ധിയോട് വയനാട്ടില്‍ നിന്ന് മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടത്. കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള ചുമതല മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടിരിക്കുകയാണ്.
കേരളത്തില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുലിന് സോണിയ ഗാന്ധിയുടെ അനുമതിയും കിട്ടേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡിലും തിരക്കിട്ട ആലോചനകള്‍ നടക്കുന്നതായാണ് വിവരം. രാഹുല്‍ വരുന്നതോടെ കേരളം യുഡിഎഫ് തൂത്തുവാരുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഇതിനിടയിലാണ് പത്തനംതിട്ടയില്‍ ബി.ജെ.പി സീറ്റ് ഒഴിച്ചിട്ടിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണെന്ന അഭ്യൂഹവും സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. രാഹുല്‍ വയനാട്ടിലെത്തുമെങ്കില്‍ മോദി പത്തനംതിട്ടയില്‍ മത്സരിക്കണമെന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. ഇതേച്ചൊല്ലി പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ കൊമ്പുകോര്‍ക്കുകയാണ്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അതിവേഗത്തില്‍ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി വയനാട്. വയനാട്ടില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയോട് കെപിസിസി ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്വിറ്ററില്‍ വയനാട് ട്രെന്‍ഡിങ്ങായിരിക്കുന്നത്. ട്രെന്‍ഡിങ്ങില്‍ രണ്ടാമതാണ് വയനാടിന്റെ സ്ഥാനം. അതേസമയം മൂന്നാമതായി രാഹുല്‍ ഗാന്ധിയാണ് ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്നത്.