രാഹുല്‍ കേരളത്തിലേക്കോ കര്‍ണാകയിലേക്കോ? തീരുമാനം ഇന്ന് ഉണ്ടായേക്കും

0
288

ന്യൂഡല്‍ഹി(www.mediavisionnews.in): വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് കോണ്‍ഗ്രസ് തീരുമാനം ഇന്ന് ഉണ്ടായേക്കും.കേരളത്തിലോ കര്‍ണാടകത്തിലോ രാഹുല്‍ മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.വയനാടാണ് പ്രഥമ പരിഗണനയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കര്‍ണാടകത്തില്‍ രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകള്‍ പരിഗണനയില്‍ ഉണ്ടെങ്കിലും വയനാട് പോലെ കോണ്‍ഗ്രസിന് സുരക്ഷിതമായ മണ്ഡലങ്ങള്‍ ഇല്ലെന്നാണ് വിലയിരുത്തല്‍.

രാഹുല്‍ ഗാന്ധിയെ തങ്ങളുടെ സംസ്ഥാനത്തേക്ക് ഏറ്റവും ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളാണ്. ദക്ഷിണേന്ത്യയില്‍ നിന്നും മത്സരിക്കുന്ന പക്ഷം രാഹുല്‍ കര്‍ണാടകയിലെ ഏതെങ്കിലും സീറ്റ് തെര!ഞ്ഞെടുക്കുമെന്നാണ് തങ്ങളുടെ ഉറച്ച പ്രതീക്ഷയെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവു പറഞ്ഞിരുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും യുപിഎയും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയില്‍ അമേഠിക്കൊപ്പം ദക്ഷിണേന്ത്യയിലെ ഒരു സീറ്റില്‍ കൂടി രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഇതിനോട് വിമുഖത പ്രകടിപ്പിച്ച രാഹുല്‍ പിന്നീട് രണ്ടാമതൊരു സീറ്റില്‍ കൂടി മത്സരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ അത് ഐക്യജനാധിപത്യ മുന്നണിക്കും കാര്യമായ ഗുണം ചെയ്യുമെന്നാണ് കേരളത്തിലെ നേതാക്കളുടെ പ്രതീക്ഷ. യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി എന്നതിനാല്‍ കേരളത്തിലെ ഇരുപത് സീറ്റ് കൂടാതെ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലും തമിഴ്‌നാട്ടിലും അതിന്റെ അനുരണനങ്ങളുണ്ടാവുമെന്ന് കേരളത്തിലെ നേതാക്കള്‍ നേരത്തെ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു.

കേരളത്തില്‍ വയനാട്, വടകര സീറ്റുകളില്‍ ഇതുവരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വടകരയില്‍ കെ.മുരളീധരന്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ട് പോയെങ്കിലും രാഹുല്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത വന്നതോടെ വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.സിദ്ധീഖ് പ്രചാരണം അവസാനിപ്പിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here