‘രാഹുലിന് കരുത്തേകാന്‍ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിന്’; പോസ്റ്ററില്‍ യച്ചൂരിയില്ല

0
279

മധുര(www.mediavisionnews.in): രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ പോരാട്ടം കടുക്കുകയാണ്. ബിജെപിയെ താഴെയിറക്കാൻ മഹാസഖ്യവുമായി മുന്നണികൾ ഒരുമിച്ച് മുന്നേറുമ്പോൾ കേരളവും വലിയ ശ്രദ്ധനേടുകയാണ്. ഇവിടെ മൽസരം സിപിഎമ്മും കോൺഗ്രസും തമ്മിലാണ്. എന്നാൽ മറ്റിടങ്ങളിലെ അവസ്ഥ മറ്റൊന്നാണ്. ഇപ്പോഴിതാ സൈബർ ലോകത്ത് പ്രചരിക്കുന്നത് തമിഴ്നാട്ടിൽ നിന്നുള്ള ഒരു പോസ്റ്ററാണ്.

അരിവാൾ ചുറ്റിക നക്ഷത്രം. മുകളിൽ പുഞ്ചിരിതൂകി നിൽക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മധുരയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ നോട്ടിസുകളിലാണ് അരിവാൾ ചുറ്റികയും രാഹുൽ ഗാന്ധിയും ഒരുമിച്ച് ഇടം നേടിയത്. രാഹുലിന്റെ അത്ര വലിപ്പത്തിലല്ലെങ്കിലും മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ ഖാദർ മൊയ്തീന്റെ ചിത്രവും നോട്ടിസിലുണ്ട്. എന്നാൽ സിപിഎമ്മിന്റെ ദേശീയ നേതാക്കളുടെ ചിത്രം നോട്ടിസിലില്ല എന്നതും ശ്രദ്ധേയം.

മധുര ലോക്സഭാ മണ്ഡലത്തിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തിന്റെ സ്ഥാനാർഥിയായി സിപിഎമ്മിന്റെ എസ്.വെങ്കടേശനാണു മൽസരിക്കുന്നത്. കോൺഗ്രസും മുസ്‍ലിം ലീഗുമെല്ലാം മുന്നണിയിലെ ഘടകകക്ഷികൾ. സ്ഥാനാർഥി കഴിഞ്ഞാൽ ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ, രാഹുൽ ഗാന്ധി എന്നിവരുടെ ചിത്രത്തിനാണു വലിപ്പം കൂടുതൽ. ഇടതുപക്ഷത്തു നിന്നു സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരശൻ എന്നിവരുടെ ചിത്രമുണ്ട്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രചാരണ സമിതിയാണു നോട്ടിസുകൾ അടിച്ചിറക്കുന്നതെന്നു സിപിഎം വൃത്തങ്ങൾ അറിയിച്ചു.

മുന്നണിയായി മൽസരിക്കുമ്പോൾ ഘടകകക്ഷി നേതാക്കളുടെ ചിത്രം നോട്ടിസിൽ വരുന്നതു സ്വാഭാവികമാണെന്നു വിശദീകരിക്കുന്നു. മുന്നണിയിൽ കോയമ്പത്തൂരും മധുരയുമാണു സിപിഎമ്മിനു ലഭിച്ചത്. നാഗപട്ടണത്തും തിരുപ്പൂരിലും സിപിഐ മൽസരിക്കുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here