മംഗളൂരു(www.mediavisionnews.in): പ്രണയനൈരാശ്യത്താൽ ആത്മഹത്യചെയ്യാൻ മംഗളൂരു നേത്രാവതി പുഴയിൽ ചാടിയ യുവാവ് പ്രാണഭയത്താൽ നീന്തിരക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് നൂറുകണക്കിനാളുകളെ മുൾമുനയിൽ നിർത്തിയാണ് യുവാവിന്റെ സാഹസം. മഞ്ചേശ്വരം സ്വദേശിയായ യുവാവാണ് നേത്രാവതി പാലത്തിന് മുകളിൽനിന്ന് പുഴയിലേക്ക് ചാടിയത്. യുവാവ് പുഴയിലേക്ക് ചാടുന്നതുകണ്ട നൂറിൽപ്പരം യാത്രക്കാർ നേത്രാവതി പാലത്തിനുമുകളിൽ വാഹനം നിർത്തിയതോടെ ദേശീയപാത 66-ൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
മഞ്ചേശ്വരത്തുനിന്ന് സുഹൃത്തിനൊപ്പം ടമ്പോ ട്രാവലറിൽ മംഗളൂരുവിലേക്ക് വരികയായിരുന്നു യുവാവ്. നേത്രാവതി പാലത്തിനുമുകളിലെത്തിയപ്പോൾ ഛർദിക്കണം എന്നുപറഞ്ഞ് വണ്ടി നിർത്തിയ ഉടനെ ഉടനെ പുഴയിലേക്ക് ചാടുകയായിരുന്നു. 20 മിനുട്ടോളം പുഴയിൽ മുങ്ങിത്താഴ്ന്ന ഇയാളെ രക്ഷിക്കാൻ പ്രദേശവാസികൾ പുഴയിൽ ചാടിയെങ്കിലും അപ്പോഴേക്കും നീന്തി പാലത്തിന്റെ തൂണിൽപ്പിടിച്ച് രക്ഷപ്പെട്ടിരുന്നു. ചിലർ ഇത് മൊബൈലിൽ പകർത്തുകയുംചെയ്തു.
മംഗളൂരു സിറ്റി സൗത്ത് ട്രാഫിക് ഇൻസ്പെക്ടർ ഗുരുദത്ത് കാമത്ത് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് കങ്കനാടി പോലീസിന് കൈമാറി. ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും പ്രണയനൈരാശ്യത്താലാണ് ആത്മഹത്യചെയ്യാൻ തീരുമാനിച്ചതെന്നും ഇയാൾ കങ്കനാടി പോലീസ് ഇൻസ്പെക്ടർ അശോകിന് മൊഴിനൽകി. പരാതിയൊന്നും ഇല്ലാത്തതിനാൽ ബന്ധുക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിട്ടയച്ചു.