ഉടുപ്പി(www.mediavisionnews.in): പൊടുന്നനെ എത്തിയ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും പെരുമാറ്റച്ചട്ടവും കർണാടക മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയെ വെട്ടിലാക്കി. കൽസംഗ്രയിലെ കോൺഗ്രസ് റാലിയിൽ പങ്കെടുത്ത് മടങ്ങാനൊരുങ്ങവെയാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന വാർത്ത വന്നത്. ഇതോടെ പാർട്ടി പരിപാടിയിൽ ഔദ്യോഗിക വാഹനം ഉപയോഗിക്കാൻ പാടില്ലെന്ന സ്ഥിതിയായി. സിദ്ദരാമയ്യയ്ക്കാണെങ്കിൽ അത്യാവശ്യമായി മംഗളൂരുവിൽ എത്തുകയും വേണം. ഏതായാലും കർണാടക നഗരവികസന വകുപ്പ് മന്ത്രിയും കോൺഗ്രസ് നേതാവുമായ യു.ടി ഖാദറാണ് സിദ്ദരാമയ്യയുടെ രക്ഷയ്ക്ക് എത്തിയത്. സ്വന്തം കാറിൽ ഖാദർ തന്നെ ഡ്രൈവറായി സിദ്ദരാമയ്യയെ മംഗളുരുവിലേക്ക് കൊണ്ടുപോയി. സിദ്ദരാമയ്യയെ കൂടാതെ മുൻമന്ത്രി പ്രമോദ് മദ്വാരാജ്, ഇവൻ ഡിസൂസ എന്നിവരും കാറിലുണ്ടായിരുന്നു. അതേപോലെ ഔദ്യോഗിക വാഹനത്തിൽ പരിപാടിക്കെത്തിയ മന്ത്രി ജയമാല പിന്നീട് ഒരു സ്വകാര്യ കാറിലാണ് ബംഗളുരുവിലേക്ക് മടങ്ങിയത്.