പെന്‍ഷന്‍ നല്‍കിയ ഫോട്ടോയെടുത്ത്, ഇടതു മുന്നണിക്കൊപ്പമെന്ന് പ്രചാരണം; പരാതിയുമായി വൃദ്ധ ദമ്പതിമാര്‍

0
274

കോഴിക്കോട്(www.mediavisionnews.in): ക്ഷേമ പെന്‍ഷന്‍ വിതരണം കോഴിക്കോട് മണ്ഡലത്തില്‍ ഇടത് മുന്നണി  പ്രചാരണായുധമാക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്  പരാതി. സഹകരണ ബാങ്ക് വഴിയുള്ള പെന്‍ഷന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനക്കൊപ്പം  സിപിഎം നേതാക്കളും  പ്രവര്‍ത്തകരും  വീടുകളിലെത്തിക്കുന്നുവെന്നാണ് പരാതി. സാമൂഹിക മാധ്യമങ്ങളില്‍ പെന്‍ഷന്‍ ഗുണഭോക്താക്കളെ ഇടത് അനുഭാവികളായി ചിത്രീകരിക്കുന്നുമുണ്ട്.

കായണ്ണപഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളാണ് 83 കാരനായ മമ്മതും ഭാര്യ പാത്തുമ്മയും. കുടിശികയായ അഞ്ച് മാസത്തെ പെന്‍ഷന്‍ കഴിഞ്ഞ തിങ്കളാഴ്ച കിട്ടി.  സഹകരണബാങ്ക് ജീവനക്കാരന് പകരം സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് പണവുമായി എത്തിയതെന്ന് ഇവര്‍ പറയുന്നു.ഒപ്പമുണ്ടായിരുന്ന യുവാവ് ഫോട്ടോയുമെടുത്തു. പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ഇടതുപക്ഷമാണ് ശരിയെന്ന തലവാചകവുമായി പെന്‍ഷന്‍ തുകയുമായി നില്‍ക്കുന്ന  ഇവരുടെ ഫോട്ടോ പ്രത്യക്ഷപ്പെട്ടു.  

തൊട്ടടുത്ത വാര്‍ഡിലെ അമ്മോട്ടി തനിക്ക്  വാര്‍ധക്യ പെന്‍ഷന്‍ എത്തിച്ചത് അയല്‍വാസിയും കുടുംബശ്രീ ഭാരവാഹിയുമായ  സിപിഎം പ്രവര്‍ത്തകയാണെന്ന് പറയുന്നു. പെന്‍ഷന്‍ തുകക്കൊപ്പം സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന നല്‍കി.ഒപ്പം പിആര്‍ഡി പ്രസിദ്ധീകരിച്ച സര്‍ക്കാരിന്‍റെ ആയിരം ദിന നേട്ടങ്ങളടങ്ങുന്ന മറ്റൊരു നോട്ടീസും.

സിപിഎം നിയന്ത്രണത്തിലുള്ള കായണ്ണ സര്‍വ്വീസ് സഹകരണബാങ്ക് വഴി പെന്‍ഷന്‍ കൈപ്പറ്റുന്നവരെയാണ് ഈ വിധം സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലകളക്ടര്‍ക്കും യുഡിഎഫ് പരാതി നല്‍കി. അതേ സമയം പെന്‍ഷന്‍ വിതരണം ചെയ്യാനേല്‍പിച്ചത് ബാങ്ക് ജീവനക്കാരെയാണെന്നും,സിപിഎമ്മുകാരുടെ കൈയില്‍ പണം എത്തിയതിനെ കുറിച്ചറിയില്ലെന്നുമാണ്  കായണ്ണസര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി പി പ്രകാശന്‍റെ പ്രതികരണം. സര്‍ക്കാര്‍ നേട്ടങ്ങളടങ്ങിയ പിആര്‍ഡി പ്രസിദ്ധീകരണം   വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ  പ്രചാരണത്തിനും  ഉപയോഗിക്കുന്നുവെന്ന് നേരത്തെ പരാതി  ഉയര്‍ന്നിരുന്നു.  തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേ കുറിച്ച് അന്വേഷിക്കുകയാണ്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here