പാര്‍ട്ടിയിലെ ജനകീയന്‍; കാസര്‍ഗോട്ടെ ഇടതു കോട്ട കാക്കാന്‍ കെ.പി സതീഷ് ചന്ദ്രന്‍

0
323

നീലേശ്വരം(www.mediavisionnews.in): കഴിഞ്ഞ മുപ്പത് വര്‍ഷമായുള്ള  ഇടതുപക്ഷത്തിന്റെ അപ്രമാദിത്വം തുടരാന്‍ കാസര്‍ഗോഡ് എല്‍.ഡി.എഫ് ഇറക്കുന്നത് സി.പി.ഐ.എം മുന്‍ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രനെ. രണ്ട് തവണ ജില്ലാ സെക്രട്ടറിയും രണ്ടു തവണ തൃക്കരിപ്പൂര്‍ എം.എല്‍.എയുമായ സതീഷ്ചന്ദ്രനിലൂടെ മണ്ഡലത്തില്‍ അനായാസ ജയം നേടാമെന്നാണ് സി.പി.ഐ.എം കണക്കു കൂട്ടുന്നത്.

മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച പി.കരുണാകരന്‍ ഇത്തവണ മത്സരിക്കില്ലെന്ന് നേരത്തെ ഉറപ്പായതിനാല്‍ സ്ഥാനാര്‍ത്ഥിയായി സതീഷ് ചന്ദ്രന്റെ പേര് ഏകപക്ഷിയമായാണ് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടിയത്.

നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ എസ്.എഫ്.ഐയുടെ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗമായി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച സതീഷ്ചന്ദ്രന്‍ പിന്നീട് യൂണിറ്റ് സെക്രട്ടറി, താലൂക്ക് പ്രസിഡണ്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, കേന്ദ്ര കമ്മിറ്റി അംഗം, സി.പിഐ.എം നീലേശ്വരം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നീ പദവികള്‍ക്കു ശേഷം സംസ്ഥാന കമ്മിറ്റി അംഗവുമായി.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ലോക്സഭയിലേക്ക് എ.കെ.ഗോപാലന്‍ എന്ന കമ്മ്യൂണിസ്റ്റുകാരനായ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തയച്ച മണ്ഡലമാണ് കാസറഗോഡ്. അന്ന് എ.കെ.ജിയുടെ ഭൂരിപക്ഷം 5,145 വോട്ടായിരുന്നു. തുടര്‍ന്ന് 62 ലും 67 ലും ഭൂരിപക്ഷം വര്‍ധിപ്പിച്ച് കൊണ്ട് എ.കെ.ജി കാസര്‍ഗോഡിനെ വീണ്ടും ചുവപ്പിച്ചു.

എന്നാല്‍ 1971ല്‍ ഇ.കെ നായനാരുടെ ഊഴമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് (ഐ.എന്‍.സി)ന്റെ യുവ നേതാവ് രാമചന്ദ്രന്‍ കടന്നപ്പള്ളിയോടായിരുന്നു മത്സരം. എ.കെ.ജിക്കൊപ്പം നിന്ന മണ്ഡലം പക്ഷെ ഇത്തവണ കടന്നപ്പള്ളിക്കൊപ്പം നിന്നു. 1977, 84 ലും കോണ്‍ഗ്രസ്സ് ജയം ആവര്‍ത്തിച്ചു.

ഇതൊഴിച്ചാല്‍ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം കാസര്‍ഗോഡ് നിന്നത് ചുവപ്പിനൊപ്പമായിരുന്നു. 1984 ല്‍ ഐ.രാമറൈ ഇ.ബാലാനന്ദനെ പരാജയപ്പെടുത്തിയതിന് ശേഷം യു.ഡി.ഫ് കാസര്‍കോട് പച്ച തൊട്ടിട്ടില്ല. പിന്നീട് എട്ടു തവണയാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ കാസര്‍കോട് നിന്ന് എളുപ്പത്തില്‍ ജയിച്ചു കയറിയത്. രാമണ്ണ റൈയും ടി.ഗോവിന്ദനും തുടര്‍ച്ചയായി ചെങ്കൊടി പാറിച്ച മണ്ഡലത്തില്‍ പിന്നീട് മണ്ഡലത്തെ പ്രതിനിധീകരിച്ചത് എ.കെ.ജിയുടെ മരുമകന്‍ കൂടിയായ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പി.കരുണാകരനായിരുന്നു. മൂന്ന് തവണയാണ് അദ്ദേഹം ലോക്സഭയിലെത്തിയത്. 2014 ല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കരുണാകരന്‍ മത്സരത്തിന് ഇറങ്ങിയത്

2004ല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ (1,08,256) ഭൂരിപക്ഷത്തിലാണ് പി.കരുണാകരന്‍ ജയിച്ചതെങ്കില്‍ 2009ല്‍ ഭൂരിപക്ഷം 64,427 ആയി കുറഞ്ഞിരുന്നു. 2014ല്‍ ടി.സിദ്ദിഖുമായി ഏറ്റുമുട്ടിയപ്പോള്‍ പി.കരുണാകരന്റെ ഭൂരിപക്ഷം 6,921 ആയി വീണ്ടും കുറഞ്ഞു. മുന്നാം അംങ്കത്തിന് ഇറങ്ങിയ കരുണാകരനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു കൊണ്ടായിരുന്നു ടി.സിദ്ദീഖിന്റെ മടക്കം. മുസ്ലിം ലീഗായിരുന്നു സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. 3,84,964 വോട്ടുകളാണ് കരുണാകരന്‍ നേടിയത്. ടി. സിദ്ദിഖ് 3,78,043 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ 1,72,826 വോട്ടുകളും നേടിയിരുന്നു.

എന്നാല്‍ ഇത്തവണ 2014ലെ മുന്നേറ്റം വിജയത്തിലെത്തിക്കാനാണ് യു.ഡി.എഫ് ഇറങ്ങുന്നതെങ്കില്‍ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ട കാക്കാനാണ് എല്‍.ഡി.എഫ് ഇറങ്ങുന്നത്. കാസര്‍കോട്ടെ ഏഴു മണ്ഡലത്തില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസ്സിന് എം.എല്‍.എയില്ല. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ മുസ്ലിം ലീഗിന്റെ കരുത്തിലാണ് കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ. ഈ മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ളതും. ലീഗിന്റെ വോട്ടുകള്‍ക്ക് മുന്‍തൂക്കമുള്ള ഈ രണ്ടു മണ്ഡലങ്ങള്‍ വച്ചാണ് സി.പി.ഐ.എം കോട്ടകളായ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനെയും കല്ല്യാശ്ശേരിയെയും യു.ഡി.എഫ് നേരിടുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here