പശുവിന്റെ പേരില്‍ ആളുകളെ കൊന്നുതള്ളിയ മോദി സര്‍ക്കാരിന്റെ കാലത്ത് ബീഫ് കയറ്റുമതിയില്‍ റെക്കോഡ് വര്‍ധനയെന്ന് കണക്കുകള്‍

0
297

ന്യൂദല്‍ഹി(www.mediavisionnews.in): പശുവിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരേ ഗോരക്ഷകരും സംഘപരിവാറും നിരന്തരം കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ബീഫ് കയറ്റുമതിയില്‍ വന്‍ കുതിപ്പെന്ന് കണക്കുകള്‍. വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്മന്റെ് അതോറിറ്റി (എ.പി.ഇ.ഡി) ആണ് ഇതു സംബന്ധിച്ച് കണക്കുകള്‍ പുറത്ത് വിട്ടത്. കണക്കനുസരിച്ച് 2014 ആണ് ഇറച്ചി ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്ത വര്‍ഷം. 2013-2014ല്‍ 13,65,643 മെട്രിക് ടണ്‍ ഇറച്ചി കയറ്റുമതി ചെയ്ത സ്ഥാനത്ത് 2014-2015ല്‍ ഇത് 14,75,540 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അളവായിരുന്നു ഇത്.

2015 സെപ്തംബറില്‍ ഗോമാംസം കൈവശം വെച്ചതായി ആരോപിച്ച് ഗോരക്ഷാ ഗുണ്ടകള്‍ മുഹമ്മദ് അഖ്‌ലാക്കിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആ വര്‍ഷം ഇറച്ചി കയറ്റുമതിയില്‍ കുറവ് വന്നു. എന്നാല്‍ തുടര്‍ന്ന് വന്ന രണ്ട് സാമ്പത്തിക വര്‍ഷത്തിലും ഇറച്ചി കയറ്റുമതിയില്‍ വര്‍ധനയുണ്ടായി. 2016-2017ല്‍ കയറ്റുമതിയില്‍ 1.2 ശതമാനം വര്‍ധിച്ച് 13,30,013 മെട്രിക് ടണ്‍ ആയി ഉയര്‍ന്നു. 2017-2018ല്‍ കയറ്റുമതി മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1.3 ശതമാനം വര്‍ധിച്ച് 13,48,225 മെട്രിക് ടണ്‍ ആയി.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാഷ്ട്രമാണ് ഇന്ത്യ. വര്‍ഷത്തില്‍ 400കോടി ഡോളറിന്റെ പോത്തിറച്ചിയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഇറച്ചി കയറ്റുമതിയില്‍ കുറവുണ്ടായതായായിരുന്നു ഹ്യുമന്‍ റൈറ്റ്‌സ് വാച്ച്(എച്ച്.ആര്‍. ഡബ്ല്യു) റിപ്പോര്‍ട്ട് വ്യക്തമാക്കിയത്.

ഇറച്ചി കയറ്റുമതിയില്‍ വര്‍ധന കാണിച്ചപ്പോഴും മൂല്യത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 2016-2017ല്‍ 13,30,013 മെട്രിക് ടണ്‍ ഇറച്ചി കയറ്റുമതി ചെയ്തത് 2017-2018ല്‍ 13,48,225 മെട്രിക് ടണ്‍ ആയി ഉയര്‍ന്നെങ്കിലും ഇതേ കാലയളവില്‍ കയറ്റുമതി മൂല്യം 26,303.16 കോടി രൂപയില്‍ നിന്ന് 25,988.45 കോടിയായി കുറഞ്ഞിരിക്കുകയാണ്. അതേസമയം ഈ അടുത്ത കാലത്തായി കയറ്റുമതി അളവിനൊപ്പം മൂല്യവും വര്‍ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here