പള്ളികളില്‍ നിയന്ത്രണമെന്ന വാര്‍ത്തകള്‍ വ്യാജം; ന്യൂസിലാന്റിലെ മലയാളിയായ പള്ളി ഇമാം സുബൈര്‍ സഖാഫി

0
185

ക്രൈസ്റ്റ്ചര്‍ച്ച്(www.mediavisionnews.in): ഭീകരാക്രമണത്തിന് പിന്നാലെ ന്യൂസിലാന്റില്‍ മുസ്ലിങ്ങള്‍ക്ക് പ്രാര്‍ഥന നടത്തുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ന്യൂസിലാന്റിലെ വില്ലിംങ്ടണ്ണില്‍ തവ ഇസ്‌ലാമിക്ക് സെന്ററിലെ ഇമാം സുബൈര്‍ സഖാഫി. അപ്രതീക്ഷിതമായുണ്ടായ അക്രമത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും സുബൈര്‍ സഖാഫി പറഞ്ഞു. മലപ്പുറം വേങ്ങര സ്വദേശിയാണ് സുബൈര്‍ സഖാഫി.

സുരക്ഷയുടെ ഭാഗമായി താല്‍ക്കാലിക നടപടികള്‍ മാത്രമാണിപ്പോള്‍ ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരില്‍ നിന്നും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും പൂര്‍ണ്ണ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴും ഏറ്റവും സുരക്ഷിതമായൊരു രാജ്യം തന്നെയാണ് ന്യൂസിലാന്റ്. ഈയൊരു ഭീകരാക്രമണം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയല്ല മറിച്ച് അടുപ്പം കൂട്ടുക മാത്രമാണ് ചെയതതെന്നും സുബെര്‍ പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ ന്യൂസിലാന്റില്‍ മുസ്ലിം പള്ളികള്‍ അടച്ചിട്ടിരിക്കുകയാണെന്നും, മുസ്ലിങ്ങള്‍ക്ക് പ്രാര്‍ഥന നടത്തുന്നതിന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നുമുള്ള തരത്തില്‍ നിരവധി വാര്‍ത്തകളായിരുന്നു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.

തീവ്രവാദി ബ്രെണ്ടന്‍ ടെറന്റിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങള്‍ക്ക് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിണ്ട ആര്‍ഡന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ഹിജാബ് ധരിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.

കൊല്ലപ്പെട്ടവരുടെ പ്രിയപെട്ടവരെ സന്ദര്‍ശിച്ച് ആര്‍ഡന്‍ ആശ്വാസം പകരുകയും സഹായ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഹിജാബ് ധരിച്ച് പ്രധാനമന്ത്രി ആര്‍ഡന്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച നടപടിക്ക് വന്‍ കയ്യടിയാണ് ലോകം നല്‍കിയത്.

കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താസമ്മേളനം നടത്തിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി തീവ്രവാദി ബ്രെണ്ടന്‍ ടെറന്റിനെതിരെ ന്യൂസിലന്‍ഡ് പൊലീസ് കൊലക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നതെന്നും പറഞ്ഞു.

ന്യൂസിലന്‍ഡില്‍ തോക്ക് ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം കൊണ്ട് വരുമെന്നും ആര്‍ഡന്‍ ഉറപ്പ് നല്‍കി. ആക്രമണം നടന്ന ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി ആര്‍ഡന്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നത്.

രണ്ടു മുസ്ലിം പള്ളികളിലായി 49 നിരപരാധികളുടെ ജീവനാണ് ഈ തീവ്രവാദി എടുത്തത്. ആക്രമണത്തിന് മുമ്പ് ബ്രെണ്ടന്‍ ടെറന്റ് ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഡിലീറ്റ് ചെയ്യപ്പെട്ട തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മെഷീന്‍ ഗണ്ണുകളുടെ ചിത്രങ്ങളും, തന്റെ പ്രവൃത്തികളെ നീതീകരിക്കുന്ന മാനിഫെസ്റ്റോയും ഇയാള്‍ നേരത്തെ പങ്കു വെച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here