ക്രൈസ്റ്റ് ചര്‍ച്ച്(www.mediavisionnews.in): ന്യൂസിലാന്‍ഡിലെമുസ്ലീം പള്ളിയില്‍ വെടിവെപ്പ്. ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്ക്കിലാണ് വെടിവെപ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെപ്പെന്നാണ് സൂചന.
സംഭവസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ പള്ളിയുടെ പരിസരത്തുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിവെപ്പില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതായി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാല്‍ ട്വീറ്റ് ചെയ്തു. ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്നും തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും തമീം ട്വിറ്ററില്‍ കുറിച്ചു. ന്യൂസിലാന്‍ഡ് പര്യാടനത്തിനായി ബംഗ്ലാദേശ് ടീ ഇപ്പോള്‍ ഇവിടെയുണ്ട്. പര്യടനത്തിലെ മൂന്നാമത്തെ ടെസ്റ്റ് മത്സരം നാളെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ആരംഭിക്കാനിരിക്കുകയാണ്.
പ്രശ്നം ഗൗരവകരമാണെന്ന് പ്രതികരിച്ച ക്രൈസ്റ്റ് ചര്‍ച്ച പൊലീസ് പള്ളി സ്ഥിതി ചെയ്യുന്ന മേഖലയിലേക്ക് പോകരുതെന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. വെടിവെപ്പിന് പിന്നാലെ ക്രൈസ്റ്റ് ചര്‍ച്ചിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടിയന്തരമായി അടച്ചു പൂട്ടിയിട്ടുണ്ട്. പള്ളിയിലേക്ക് കയറി വന്ന അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് ആരംഭിച്ചതോടെ പള്ളിയിലുണ്ടായിരുന്നവരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെട്ടു.
നിരവധി പേര്‍ പള്ളിക്ക് അകത്ത് കുടുങ്ങി കിടക്കുന്നതായും മൃതദേഹങ്ങള്‍ കണ്ടതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വരുന്നുണ്ട്. അക്രമിയെ കീഴടക്കാന്‍ പൊലീസ് തിരിച്ചു വെടിവെക്കുന്നതായും ഇവിടെ ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നതായും സൂചനയുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ വീടിനുള്ളില്‍ തന്നെ ചിലവഴിക്കാന്‍ പ്രദേശവാസികളോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.