നോട്ടുനിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തി: പഴയ നോട്ടുകള്‍ മാറ്റിനല്‍കിയത് 40% കമ്മീഷനില്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കപില്‍ സിബല്‍

0
369

ന്യൂദല്‍ഹി (www.mediavisionnews.in) : നോട്ടുനിരോധനത്തിന്റെ മറവില്‍ ബി.ജെ.പി വന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി നേതാക്കള്‍ നോട്ടു മാറ്റി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ കാട്ടിയാണ് കപില്‍ സിബല്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തിയ്യതിക്കുശേഷമാണ് ബി.ജെ.പി വലിയ തോതില്‍ ഇടപെടല്‍ നടത്തിയത്. അഞ്ചു കോടിയുടെ നിരോധിത നോട്ടുകള്‍ ബി.ജെ.പി നേതാവ് മാറ്റി നല്‍കുന്ന ദൃശ്യങ്ങളാണ് കപില്‍ സിബല്‍ പുറത്തുവിട്ടത്. അമിത് ഷാ സംരക്ഷിക്കുമെന്ന് ബി.ജെ.പി നേതാവ് ഇടപാടുകാരന് ഉറപ്പു നല്‍കുന്നതും വീഡിയോയില്‍ കാണാം.

ടിഎന്‍എന്‍.വേള്‍ഡ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട ‘സുനാമി ഓഫ് സ്റ്റിങ്‌സ് മോദി ബി.ജെ.പി അണ്‍മാസ്‌ക്ഡ് പാര്‍ട്ട് വണ്‍’ എന്ന വീഡിയോയുടെ ഒരു ഭാഗമാണ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്.

നോട്ടുനിരോധനത്തിനു മാസങ്ങള്‍ക്കുശേഷം അഹമ്മദാബാദില്‍ വെച്ച് 40% കമ്മീഷന്‍ വാങ്ങിയാണ് ബി.ജെ.പി നേതാക്കള്‍ പഴയ നോട്ടുകള്‍ മാറ്റി നല്‍കിയത്.

നോട്ടുനിരോധനത്തിലൂടെ മോദി സര്‍ക്കാര്‍ പാവപ്പെട്ടവരെ കൊളളയടിക്കുകയാണ് ചെയ്തതെന്ന് വാര്‍ത്താസമ്മേളനത്തില്‍ കപില്‍ സിബല്‍ പറഞ്ഞു. ബി.ജെ.പി മാത്രമാണ് നോട്ടുനിരോധനം കൊണ്ട് നേട്ടമുണ്ടാക്കിയത്. സാധാരണക്കാരന്റെ പോക്കറ്റിലെ പൈസ പാര്‍ട്ടി തട്ടിയെടുക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഗുലാം നബി ആസാദ്, കപില്‍ ശര്‍മ്മ തുടങ്ങിയ നേതാക്കള്‍ വാര്‍സമ്മേളനത്തില്‍ പങ്കെടുത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here