ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: ‘തളങ്കരപ്പോരില്‍’ നാഷണലിന് മികച്ച വിജയം; പട്ടികയില്‍ ഒന്നാമത്

0
160

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ നോര്‍ത്ത് സോണ്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ പതിനഞ്ചാം ദിനമായ ഇന്ന് നടന്ന ‘തളങ്കരപ്പോരില്‍’ നാഷണല്‍ കാസര്‍കോടിന് മികച്ച വിജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ ബ്ളേസ് തളങ്കരയെയാണ് നാഷണല്‍ കാസര്‍കോട് എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയത്. നാഷണലിന് വേണ്ടി ഷഹനാദും അബ്ദുല്ലയും രണ്ട് വീതവും അജ്മല്‍ ഒരു ഗോളും നേടി. നാഷണല്‍ കാസര്‍കോടിന്‍റെ മുന്നേറ്റ താരം ഷഹനാദിനെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.

ഇന്നത്തെ മത്സരത്തിലെ മികച്ച വിജയത്തിന്‍റെ പിന്‍ബലത്തില്‍ നാഷണല്‍ കാസര്‍കോട് നോര്‍ത്ത് സോണ്‍ പോയിന്‍റ് പട്ടികയില്‍ ഒമ്പത് പോയിന്‍റോടെ ഒന്നാമതെത്തി. രണ്ടാമതുള്ള എം.എസ്.സി മൊഗ്രാലിന് തുല്യ പോയിന്‍റും ഗോള്‍ ശരാശരിയും ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം എന്ന നിലയിലാണ് നാഷണല്‍ കാസര്‍കോട് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. നാല് കളികളില്‍ ആറ് വീതം പോയിന്‍റുമായി മിറാക്കിള്‍ കമ്പാര്‍ മൂന്നാം സ്ഥാനത്തും നാഷണല്‍ ചെമ്പിരിക്ക നാലാം സ്ഥാനത്തും ബാജിയോ ഫാന്‍സ് ഉദുമ അഞ്ചാം സ്ഥാനത്തും എത്തി നില്‍ക്കുന്നു. നാല് വീതം പോയിന്‍റുള്ള സിറ്റിസണ്‍ ഉപ്പള ആറാം സ്ഥാനത്തും ബ്ളേസ് തളങ്കര ഏഴാം സ്ഥാനത്തും നില്‍ക്കുന്നു. ചാംപ്യന്‍ഷിപ്പില്‍ ഇനി നിര്‍ണായകമായ മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്.

ചാംപ്യന്‍ഷിപ്പിലെ പതിനാറാം ദിനമായ നാളെ നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എം.എസ്.സി മൊഗ്രാല്‍, മിറാക്കിള്‍ കമ്പാറുമായി ഏറ്റുമുട്ടും.  ആഥിതേയരായ സിറ്റിസണ്‍ ഉപ്പള ബാജിയോ ഫാന്‍സ് ഉദുമയുമായി ഏറ്റുമുട്ടും. മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here