ജില്ലയുടെ ഊർജപ്രതിസന്ധിക്കു പരിഹാരമായി പൈവളിഗെയിൽ രണ്ടാം സോളർ പാർക്ക് വരുന്നു

0
157

കാസർകോട്(www.mediavisionnews.in): ജില്ലയുടെ ഊർജപ്രതിസന്ധിക്കു പരിഹാരമായി രണ്ടാമത്തെ സൗരോർജ പാർക്ക് പൈവളിഗെയിൽ ഉടൻ നിർമാണം തുടങ്ങും. ഇതിനുള്ള സർക്കാർ ഉത്തരവിറങ്ങി. 50 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 250 ഏക്കർ സ്ഥലമാണു വിട്ടു നൽകിയത്. അമ്പലത്തറയിൽ നിലവിൽ പ്രവർത്തിക്കുന്ന സോളർ പാർക്കിൽ നിന്ന് 50 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നുണ്ട്.

പൈവളിഗെയിലെ പാർക്ക് യാഥാർഥ്യമാകുന്നതോടെ ഊർജ മേഖലയിൽ ജില്ല കൂടുതൽ പര്യാപ്തത കൈവരിക്കും. മഞ്ചേശ്വരം പൈവളിഗെയിൽ കെഎസ്ഇബിക്കു ലഭിച്ച 427 ഏക്കർ ഭൂമിയിൽ 80 മെഗാവാട്ട് ശേഷിയുള്ള സൗരോർജ പാർക്കിനായിരുന്നു പദ്ധതി. എന്നാൽ ഭൂമി സംബന്ധമായ ചില കേസുകൾ വിലങ്ങുതടിയായപ്പോൾ 250 ഏക്കറിൽ പാർക്ക് നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. ബാക്കി ഭൂമി റവന്യു വകുപ്പിനു തിരികെ നൽകും.

കേന്ദ്ര സർക്കാർ സ്ഥാപനമായ തെഹ്‍രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷനാണു നിർമാണ ചുമതല. പൈവളിഗെയിൽ സോളർ പാർക്ക് നിർമാണത്തിനുള്ള ടെൻഡർ വിളിച്ചു കഴിഞ്ഞു. ഉടൻ തന്നെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. കെഎസ്ഇബിയുടെയും ജില്ല ഭരണകൂടത്തിന്റെയും ശക്തമായ സമ്മർദത്തിനൊടുവിലാണ് പദ്ധതിക്കു വീണ്ടും ജീവൻ വച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സൗരോർജ ഉൽപാദനം മുന്നിൽ കണ്ടു ജില്ലയിൽ തുടങ്ങിയ പദ്ധതി രാഷ്ട്രീയ, പ്രാദേശിക കാരണങ്ങളാൽ പല തവണ മുടങ്ങി.

മടിക്കൈ, കിനാനൂർ കരിന്തളം പഞ്ചായത്തുകളിൽ പാർക്കിനു വേണ്ടി നൽകിയ 1024 ഏക്കറിൽ 800 ഏക്കർ പഞ്ചായത്ത് ഭരണസമിതിയുടെ എതിർപ്പിനെത്തുടർന്നു റവന്യു വകുപ്പ് തിരിച്ചെടുത്തിരുന്നു. ചീമേനിയിൽ പ്ലാന്റേഷൻ കോർപറേഷന്റെ 475 ഏക്കർ സ്ഥലത്ത് സൗരോർജ പാർക്ക് നിർമിക്കാമെന്നുള്ള റിപ്പോർട്ട് കലക്ടർ റവന്യു വകുപ്പിനു നൽകിയിട്ടുണ്ട്. 100 മെഗാവാട്ട് ഉൽപാദനമാണു ലക്ഷ്യം. ഇതിനു മേൽ നടപടികളായിട്ടില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here