തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് വേനല്‍ ചൂടില്‍ ഇന്ന് രണ്ട് കുട്ടികളുള്‍പ്പടെ 35 പേര്‍ക്ക് സൂര്യാഘാതമേറ്റു. ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ഏഴ് പേര്‍ക്ക് വീതമാണ് പൊള്ളലേറ്റു. 23 പേര്‍ക്ക് ചൂട് സംബന്ധിച്ച അസ്വസ്ഥകളുണ്ടായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം, വേനല്‍ മഴ ഉടനെത്തുമെന്ന പ്രവചനം ആശ്വാസമാകുന്നു. ഈ ആഴ്ച അവസാനത്തോടെ സംസ്ഥാനത്തെ പല ജില്ലകളിലും മഴയെത്തുമെന്നാണ് സൂചനകള്‍.
ബംഗാള്‍ ഉള്‍ക്കടലില്‍ കാര്യമായ ന്യൂനമര്‍ദങ്ങള്‍ രൂപമെടുക്കാന്‍ സാധ്യതയില്ലെങ്കിലും കനത്ത ചൂടിന്റെ ഫലമായി പ്രാദേശികമായി രൂപപ്പെടുന്ന മേഘങ്ങള്‍ തെക്കന്‍ കേരളത്തില്‍ മഴ എത്തിക്കുമെന്നാണു പ്രതീക്ഷ. അറബിക്കടലില്‍നിന്നു സാധാരണ കരയിലേക്കു വീശാറുള്ള തെക്കന്‍ കാറ്റും അകന്നു നില്‍ക്കുകയാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ 28 വരെ ഉയര്‍ന്ന താപനില തുടരും. 28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്.
പതിനൊന്ന് മണി മുതല്‍ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം ഒരു കുപ്പിയില്‍ കയ്യില്‍ കരുതണം. രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കണം. കാപ്പി, ചായ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. ഇളം നിറത്തിലുള്ള അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം.
പരീക്ഷാ കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളെ അവധിക്ക് വിനോദ യാത്രയ്ക്ക് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്ന് വരെ നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത സംവിധാനം ഏര്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും ശ്രദ്ധിക്കണം.
താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.
ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്തു സുരക്ഷിതരാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ചൂട് ഏല്‍ക്കാതിരിക്കാന്‍ സഹായിക്കുന്ന വസ്ത്രധാരണം നിര്‍ദ്ദേശിക്കുകയും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുമതി നല്‍കുകയും ചെയ്യണം.