ഗോവ ബിജെപിക്ക് ഞെട്ടല്‍, പ്രമുഖ നേതാവ് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

0
247

പനാജി(www.mediavisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ഗോവയില്‍ അധികാരത്തിലേറാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസ് ശക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് കോണ്‍ഗ്രസ് നടത്തിയ നീക്കം വിശ്വാസ വോട്ടിലൂടെ ബിജെപി മറികടന്നെങ്കിലും ഭരണസ്ഥിരത ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

എന്നാല്‍ മനോഹര്‍ പരീക്കറുടെ വേര്‍പാടിലൂടെയുണ്ടായ നഷ്ടം ബിജെപിക്ക് വലിയ പ്രതിസന്ധിയാണ് സമ്മാനിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തെയും മറികടക്കാനുള്ള പരീക്കറുടെ വൈഭവം പ്രമോദ് സാവന്തിനുണ്ടോയെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. എന്തായാലും ഗോവയില്‍ നിന്ന് ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വാര്‍ത്തകള്‍ ബിജെപി കേന്ദ്രങ്ങള്‍ക്ക് അനുകൂലമല്ല.

ബിജെപി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് സുധീര്‍ കണ്ഡോല്‍കര്‍ 350 ലേറെ പ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടിവിട്ട് കോണ്‍ഗ്രസ് പാളയത്തിലെത്തിയിരിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പും നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും നടക്കാനിരിക്കെ ബിജെപിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണ് സുധീര്‍ കൈകൊണ്ടിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മപൗസ മണ്ഡലത്തിലെ മുനിസിപ്പല്‍ കൗണ്‍സിലില്‍ അഞ്ച് തവണ വിജയിച്ചിട്ടുള്ള നേതാവ് കൂടിയാണ് സുധീര്‍ കണ്ഡോല്‍കര്‍.

ഗോവയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗിരീഷ് ചന്ദോത്കറിന്‍റേയും പ്രതിപക്ഷ നേതാവ് ബാബു കവ്ലേല്‍ക്കറിന്‍റേയും സാന്നിധ്യത്തിലാണ് സുധീറിന് അംഗത്വം നല്‍കിയത്. കേരളത്തോടൊപ്പം ഏപ്രില്‍ 23 ാം തിയതിയാണ് ഗോവയില്‍ പൊതു തെരഞ്ഞെടുപ്പും മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുക. മാന്‍ഡ്രേം, മപൗസ, സിരോദ എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കു.

ബിജെപിയുടെ പ്രമുഖ നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന ഫ്രാന്‍സിസ് ഡിസൂസയുടെ മരണത്തെ തുടര്‍ന്നാണ് മപൗസയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1999 മുതല്‍ മപൗസയെ പ്രതിനിധീകരിക്കുന്നത് ഡിസൂസയായിരുന്നു. മേഖലയില്‍ വലിയ ജനസ്വാധീനമുള്ള സുധീര്‍ കണ്ഡോല്‍കര്‍ ബിജെപി വിട്ട സാഹചര്യത്തില്‍ വിജയിച്ചുകയറാനാകുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

20 അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തിലേറിയ ബിജെപിയെ സംബന്ധിച്ചടുത്തോളം മൂന്ന് മണ്ഡലങ്ങളില്‍ നടക്കുന്ന ഉപ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 14 അംഗങ്ങളുടെ പിന്തുണയുള്ള കോണ്‍ഗ്രസിനെ സംബന്ധിച്ചടുത്തോളം ഓരോ വിജയവും ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ ശേഷിയുള്ളതാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here