മലപ്പുറം(www.mediavisionnews.in): ലോക്‌സഭയില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ ദിവസം പാര്‍ലമെന്റിനു മുമ്പില്‍ താന്‍ സമരം ചെയ്തിട്ടുണ്ടെന്ന് മലപ്പുറം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനു. എല്‍.ഡി.എഫ് മലപ്പുറം കണ്‍വന്‍ഷനിലായിരുന്നു സാനുവിന്റെ പ്രതികരണം.
വോട്ടു ചോദിക്കുന്നതിനു മുമ്പ് ജനങ്ങളോട് മാപ്പു ചോദിക്കുകയാണ് കുഞ്ഞാലിക്കുട്ടി ചെയ്യേണ്ടതെന്ന് യോഗത്തിലെ മുഖ്യ പ്രഭാഷകനായ എ. വിജയരാഘവന്‍ പറഞ്ഞു. മുത്തലാഖ്, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വോട്ടുകളില്‍ നിന്ന് വിട്ടുനിന്ന കുഞ്ഞാലിക്കുട്ടി ജനങ്ങളോട് മാപ്പു ചോദിക്കണം. 2006ല്‍ കുറ്റിപ്പുറത്ത് ഒരു അധ്യാപകനോടു തോറ്റ കുഞ്ഞാലിക്കുട്ടി 2019ല്‍ മലപ്പുറത്ത് ഒരു വിദ്യാര്‍ഥിയോട് മുട്ടുമടക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു
ലോക്‌സഭയിലേക്ക് അയക്കാന്‍ നിലവാരമുള്ള ആളല്ല കുഞ്ഞാലിക്കുട്ടിയെന്ന് മന്ത്രി കെ.ടി ജലീല്‍ യോഗത്തില്‍ വിമര്‍ശിച്ചു. കല്ല്യാണത്തിനും കളിയാട്ടത്തിനും വേലയ്ക്കും നേര്‍ച്ചയ്ക്കും പൂരത്തിനും നടക്കാന്‍ ആളുകളെ വേണമെന്നുണ്ടെങ്കില്‍ തോല്‍പ്പിച്ച് അവരെ മലപ്പുറത്ത് നിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഒരു പാര്‍ലമെന്റേറിയനായിരിക്കും താനെന്നും, കല്ല്യാണത്തിന്റേയും വിമാനം വൈകിയതിന്റേയും പേരില്‍ താന്‍ പാര്‍ലമെന്റില്‍ എത്താതിരിക്കില്ലെന്നും വി.പി സാനു കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8ന് മുത്തലാഖ് ബില്‍ ലോക്സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നത് ചര്‍ച്ചയായിരുന്നു. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
‘ഞാന്‍ എവിടെയാണോ എത്തേണ്ടത്, അവിടെ, ഏത് സമയത്താണോ എത്തേണ്ടത്, ആ സമയത്ത് എത്തിയിരിക്കും. എവിടെയാണോ ഞാന്‍ സംസാരിക്കേണ്ടത്, അവിടെ ഞാന്‍ സംസാരിച്ചിരിക്കും. എപ്പോഴാണോ ഞാന്‍ വോട്ടു ചെയ്യേണ്ടത്, അപ്പോള്‍ ഞാന്‍ വോട്ടു ചെയ്യും. ഞാന്‍ ഒരു വിമാനവും വൈകിയതിന്റെ പേരില്‍ പാര്‍ലമെന്റില്‍ എത്താതിരിക്കില്ല. ഒരു കല്ല്യാണത്തിന്റെ പേരിലും ഇന്ത്യന്‍ പാര്‍ലമെന്റ് മുടക്കി അറ്റന്‍ഡന്‍സില്ലാതെ ഏറ്റവും മോശം പാര്‍ലമെന്റേറിയന്‍ എന്ന പേര് സമ്പാദിക്കില്ല. ഒരു ചര്‍ച്ചയിലും പങ്കെടുക്കാതെ മാറി നില്‍ക്കില്ല’- എന്നും വി.പി സാനു പറഞ്ഞിരുന്നു.
ഭരണഘടന ഉറപ്പ് നല്‍കുന്ന മുസ്‌ലിം വ്യക്തിനിയമങ്ങളെ നിരാകരിക്കുന്ന ബില്ലായിട്ടും കുഞ്ഞാലിക്കുട്ടി മാറി നിന്നത് സമസ്ത ഇ.കെ വിഭാഗത്തിലും കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരുന്നു.
എന്നാല്‍ മുസ്‌ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട് ഗൗരവമായ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതിനാലായിരുന്നു താനന്ന് പാര്‍ലമെന്റില്‍ എത്താതിരുന്നത് എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.