കാസർകോട്(www.mediavisionnews.in): ജനുവരി 30-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക അനുസരിച്ച് കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ 13,24,387 വോട്ടർമാർ. ഇതിൽ രണ്ട് ഭിന്നലിംഗക്കാരും പെടുന്നു. ആദ്യമായാണ് മണ്ഡലത്തിൽ ഭിന്നലിംഗക്കാർ വോട്ടർപട്ടികയിൽ ഇടംപിടിക്കുന്നത്. പട്ടികപ്രകാരം 6,36,689 പുരുഷന്മാരും 6,87,696 സ്ത്രീകളുമുണ്ട്. ഈ പട്ടികയും പക്ഷേ, അന്തിമമല്ല. തിരഞ്ഞെടുപ്പ് കമ്മിഷൻ ചട്ടമനുസരിച്ച് നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാനദിവസം വരെ പട്ടികയിൽ വോട്ട് ചേർക്കാം. ഏപ്രിൽ 23-ന് തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ അത് ഏപ്രിൽ നാലുവരെ പത്രിക നൽകാം. പേരുചേർക്കാൻ 24 ദിവസം കൂടിയുണ്ടെന്നർഥം.
1957-ൽ കാസർകോട് മണ്ഡലത്തിൽ ആദ്യ തിരഞ്ഞെടുപ്പ് നടന്നപ്പോൾ 4,49,300 വോട്ടർമാർ മാത്രമായിരുന്നു. 2,52,533 പേർ മാത്രമാണ് അന്ന് വോട്ട് രേഖപ്പെടുത്താനെത്തിയത്.
ഇപ്പോഴത്തെ പട്ടികയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലാണ്-2,08,616 വോട്ടർമാർ. ഏറ്റവും കുറവ് വോട്ടർമാർ കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലുമാണ്-1,68,408. പ്രവാസി വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ വൻവർധനയുണ്ട്. 3923 പ്രവാസി വോട്ടർമാരാണ് ഇത്തവണ. ഇതിൽ 141 സ്ത്രീകളും 3782 പുരുഷന്മാരുമാണ്. 2014-ലെ തിരഞ്ഞെടുപ്പിൽ കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ ആകെ 901 പ്രവാസി വോട്ടർമാരായിരുന്നു.
മണ്ഡലത്തിൽ ആകെ 1317 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്. നിയമസഭാ മണ്ഡലവും പോളിങ് സ്റ്റേഷനുകളുടെ എണ്ണവും ക്രമത്തിൽ, മഞ്ചേശ്വരം-198, കാസർകോട്-188, ഉദുമ-195, കാഞ്ഞങ്ങാട്-196, തൃക്കരിപ്പൂർ-191, പയ്യന്നൂർ-180, കല്യാശ്ശേരി-169.