ഐല മൈതാനം: പാർട്ടിയെയും നേതാക്കളെയും താറടിക്കാൻ ശ്രമം- മുസ്ലിം ലീഗ്

0
296

കുമ്പള(www.mediavisionnews.in): ഐല മൈതാനത്തെച്ചൊല്ലി വിവാദങ്ങൾ സൃഷ്ടിച്ച് പാർട്ടിയെയും നേതാക്കളെയും ജനമധ്യത്തിൽ താറടിക്കാൻ ചില രാഷ്ട്രീയ സംഘടനകൾ ശ്രമിക്കുന്നതായി നേതാക്കൾ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

പതിനെട്ട് ഏക്കർ ഉൾപ്പെടുന്ന പ്രദേശമാണ് ലൈ മൈതാനം. ഇതിൽ നിന്നും 11 ഏക്കർ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. പിന്നീട് ഏഴ് ഏക്കർ പഞ്ചായത്തിന്റെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ ഭരണ സമിതി യോഗം തീരുമാനിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 1992 ൽ അന്നത്തെ എ ജെ ഐ സംഘവും അമ്പലക്കമ്മിറ്റിയും ഓരോ ഏക്കർ സ്ഥലം ആവശ്യപ്പെട്ട് പഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നു. അന്നത്തെ ഭരണ സമിതി അത് നൽകുന്നതിന് വേണ്ടി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഇന്ന് പാർട്ടിക്കും നേതാക്കൾക്കുമെതിരെ ആരോപണവുമായി രംഗത്തുള്ള സി പി എമ്മിന്റെ എം എൽ എ ആയിരുന്ന അഡ്വ. സി എച്ച് കുഞ്ഞമ്പു 2007 ൽ ലെറ്റർ ഹെഡ്ഡിൽ ഉപ്പള വില്ലേജിലെ ഐല ശ്രീ ദുർഗ പരമേശ്വരി ക്ഷേത്രത്തിന് ആർ. എസ്. നം. 186 ൽ പെട്ട 5.96 ഏക്കർ സ്ഥലം പതിച്ചു നൽകണമെന്ന് അഭ്യർത്ഥിച്ച് അന്നത്തെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. മൈതാനത്തിന്റെ വിഷയത്തിൽ സി പി എമ്മിന്റെ ഇരട്ട മുഖമാണ് ഇതിൽ നിന്നും വ്യക്തമാവുന്നതെന്ന് നേതാക്കൾ പറഞ്ഞു.

2014ൽ താലൂക്ക് അനുവദിച്ചപ്പോൾ സർക്കാർ ആവശ്യപ്പെട്ടത് പ്രകാരം പഞ്ചായത്ത് 1.5 ഏക്കർ സ്ഥലം താലൂക്ക് കെട്ടിടത്തിനായി നൽകിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം പരസ്യ പ്രതിഷേധവുമായി പഞ്ചായത്തിനു മുമ്പിൽ സമരം നടത്തി. ഇതിനെത്തുടർന്ന് പഞ്ചായത്ത്, ക്ഷേത്രക്കമ്മിറ്റി അംഗങ്ങളെ ജില്ല കളക്ടർ മർച്ചയ്ക്ക് വിളിക്കുകയും എം എൽ എ യുടെ നേതൃത്വത്തിൽ ചർച്ചയ്ക്ക് വേദി ഒരുങ്ങുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിന് മണ്ണംകുഴി ഗസ്റ്റ് ഹൗസിൽ ചേർന്ന സർവ്വകക്ഷിയോഗങ്ങളിൽ ചിലരുടെ പിടിവാശി മൂലം പരിഹാരം കാണാൻ കഴിഞ്ഞില്ല. പിന്നീട് മഞ്ചേശ്വരം ടി ബി യിൽ നടന്ന യോഗത്തിനും അതേപടി പിരിയാനായിരുന്നു യോഗം.

പിന്നീട് പഞ്ചായത്തിന്റെ കായിക മത്സരങ്ങൾ മൈതാനത്ത് നടക്കുമ്പോൾ ചിലർ അത് തടസ്സപ്പെടുത്തുകയുണ്ടായി. പ്രശ്നത്തെത്തുടർന്ന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ നടന്ന യോഗവും ശരിയായ പരിഹാരമൊന്നും ആകാതെ പിരിഞ്ഞു. താലൂക്ക് കെട്ടിടത്തിന് അനുവദിച്ച ഫണ്ട് ലാപ്സാകുമെന്ന കാര്യം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് പി ബി അബ്ദുൽ റസാഖ് എം എൽ എ യുടെ നിർദേശപ്രകാരം ജില്ലാ കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ, ഡിവൈഎസ്പി, എന്നിവരുടെ സാന്നിധ്യത്തിൽ മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ, എ ജെ ഐ സംഘം ഭാരവാഹികൾ, ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ, മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരെ ഉൾപ്പെടുത്തി വിളിച്ച യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

ഈ യോഗത്തിൽ ടി എ മൂസ പങ്കെടുത്തതിനെച്ചൊല്ലിയാണ് മന:പൂർവ്വം പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
മുസ്ലിം ലീഗ് പ്രതിനിധിയായാണ് യോഗത്തിൽ മൂസ പങ്കെടുത്തിട്ടുള്ളത്. രജിസ്റ്ററിൽ ഐ യു എം എൽ എന്നെഴുതിയത് വെട്ടി പച്ചമഷിയിൽ ‘ജമായത്ത്’ എന്നാക്കി കൃത്രിമം കാണിച്ചാണ് പുതിയ വിവാദങ്ങൾക്ക് ലീഗിന്റെ രാഷ്ട്രീയ പ്രതിയോഗികൾ തുടക്കമിട്ടത്. ഇത് അവരുടെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് നേതാക്കൾ പറഞ്ഞു. ഇത് അന്വേഷിച്ച് സത്യാവസ്ഥ പുറത്ത് കൊണ്ട് വരണമെന്ന് പാർട്ടി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അതേ സമയം സാമൂഹിക മാധ്യമങ്ങളിൽ വന്ന വാർത്തകളെപ്പറ്റി പാർട്ടിയുമായി കൂടിയാലോചിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടി എ മൂസ, വൈസ് പ്രസിഡന്റ് അബ്ബാസ് ഓണന്ത, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം ബി യൂസുഫ്  ഹാജി,  സെക്രട്ടറി ഉമ്മർ  അപോളോ, യൂത്ത് ലീഗ്  മണ്ഡലം ജന. സെക്രട്ടറി ഗോൾഡൻ അബ്ദുൽ  റഹ്മാൻ, മുസ്ലിം ലീഗ് ഉപ്പള ടൗൺ കമ്മിറ്റി ജന. സെക്രട്ടറി  ബി എം മുസ്തഫ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here