ചെന്നൈ(www.mediavisionnews.in): ഐപിഎല്‍ പന്ത്രണ്ടാം സീസണിന് നാളെ തുടക്കം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി എട്ടു മണിക്കാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ആദ്യ പോരിനിറങ്ങും.
മൂന്ന് വട്ടം കിരീടം ചൂടി ഐപിഎല്ലില്‍ രാജാക്കന്മാരായി വാഴുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും, 2 വട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.
കരുത്തുറ്റ നിരയായിട്ടും കിരീടം കിട്ടാക്കനിയായ ബെംഗളുരു, ഡെവിള്‍സെന്ന പേരു മാറ്റി ക്യാപിറ്റല്‍സായി വരുന്ന ഡല്‍ഹി, രഹാനെയും, സഞ്ജുവും, സ്റ്റീവ് സ്മിത്തും ബെന്‍ സ്റ്റോക്ക്‌സുമുള്ള രാജസ്ഥാന്‍ റോയല്‍സ്, പ്രായം നാല്‍പ്പതിലേക്കെത്തുന്ന ക്രിസ് ഗെയിലിന്റെ പഞ്ചാബ് എന്നീ ടീമുകള്‍ ഒന്നിക്കുന്ന കുട്ടി ക്രിക്കറ്റിന്റെ ആവേശപ്പൂരത്തിന് ഒരു ദിനമകലെ ചെന്നൈയില്‍ കൊടിയുയരും.
കളത്തിലിറങ്ങാന്‍ കച്ച കെട്ടി വിദേശികളടക്കം ഇരുന്നൂറോളം കളിക്കാരാണുള്ളത്. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് വിലക്ക് നേരിടുന്ന സ്റ്റീവന്‍ സ്മിത്തും, ഡേവിഡ് വാര്‍ണറും ഐ.പി.എല്ലില്‍ കളത്തിലിറങ്ങും. എട്ട് നഗരങ്ങളിലായി രണ്ട് മാസക്കാലം നീണ്ടുനില്‍ക്കുന്നതാണ് പോരാട്ടം.
ലോകകപ്പിലേക്ക് കണ്ണും നട്ടിരിക്കുന്ന താരങ്ങള്‍ക്ക് പ്രതീക്ഷയാണ് ഈ സീസണ്‍. ലോകകപ്പ് മുന്നില്‍ കണ്ട് പല താരങ്ങള്‍ക്കും നേരത്തെ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരുമെന്നുള്ളതാണ് പ്രതിസന്ധി.
പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഉദ്ഘാടന ചടങ്ങുകളില്ല. ഇതിനായി മാറ്റിവെച്ച തുക കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നല്‍കും.