സുരേന്ദ്രനെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഒഴിവാക്കിയാൽ ബിജെപിയിൽ പ്രശ്നം രൂക്ഷമാകും: ‘വിഎസ് മോഡല്‍’ പ്രകടനങ്ങള്‍ക്കു തയ്യാറെടുത്ത് ബിജെപി പ്രവർത്തകർ

0
207

പത്തനംതിട്ട(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍നിന്നു മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കാനിരിക്കേ പത്തനംതിട്ട സീറ്റിൻ്റെ കാര്യത്തിൽ ആശയക്കുഴപ്പം തീരുന്നില്ല. ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി ഏറെ പ്രതീക്ഷ വയ്ക്കുന്ന പത്തനംതിട്ട സീറ്റിനായി ബിജെപിയിൽ പോര് സജീവമാണ്. 

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വമാണ് പ്രവര്‍ത്തകര്‍ പ്രതീക്ഷയോടെ നോക്കുന്നത്. സുരേന്ദ്രന്‍ താത്പര്യം പ്രകടിപ്പിച്ച തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ സീറ്റുകള്‍ മറ്റു പലരും കൈയടക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ സുരേന്ദ്രന്‍ മത്സര രംഗത്ത് ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സുരേന്ദ്രൻ മത്സരരംഗത്ത് ഇല്ലെങ്കിൽ ശക്തമായ പ്രതികരണത്തിന് ഒരുങ്ങുകയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍.

പാര്‍ട്ടി ജയസാധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ടയ്ക്കായാണ് സുരേന്ദ്രനെക്കൂടാതെ മൂന്നു പേരെങ്കിലും രംഗത്തുണ്ടെന്നാണ് സൂചനകള്‍. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള പത്തനംതിട്ടയ്ക്കായി ശക്തമായ നീക്കമാണ് നടത്തുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും പത്തനംതിട്ടയിലാണ് താത്പര്യം. കഴിഞ്ഞ തവണ മത്സരിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശും ഈ സീറ്റില്‍ താതപര്യം പ്രകടിപ്പിച്ചു രംഗത്തുണ്ട്. 

തിരുവനന്തപുരം സീറ്റില്‍ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനായിരിക്കും സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തൃശൂര്‍ സീറ്റ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന നിബന്ധനയില്‍ ബിഡിജെഎസിനു നല്‍കി. 

പത്തനംതിട്ട ശ്രീധരന്‍ പിള്ളയ്ക്കു നല്‍കി സുരേന്ദ്രനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കാനുള്ള നിര്‍ദേശം ചര്‍ച്ചകളില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സുരേന്ദ്രന്‍ ഇതിനോടു താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. നേരത്തെ ശോഭാ സുരേന്ദ്രനും പികെ കൃഷ്ണദാസും കൈയൊഴിഞ്ഞ മണ്ഡലമാണ് ആറ്റിങ്ങല്‍. പാലക്കാടാണ് ശോഭയ്ക്കു താത്പര്യം. എന്നാല്‍ ഇവിടെ നഗരസഭാ കൗണ്‍സിലര്‍ ആയ കൃഷ്ണകുമാറിന്റെ പേരാണ് പരിഗണിക്കുന്നത്. 

സുരേന്ദ്രന് സ്ഥാനാർത്ഥിത്വം നിജേധിച്ചാൽ സംസ്ഥാനമൊട്ടുക്കും പ്രതിഷേധ പ്രകടനം നടത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന് സിപിഎം സീറ്റു നിഷേധിച്ചപ്പോള്‍ ഉണ്ടായ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങളാണ് ഇവര്‍ ലക്ഷ്യമിടുന്നത്. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here