കൊല്‍ക്കത്ത(www.mediavisionnews.in):മുന്‍ സി.പി.ഐ (എം) എം.പി ലക്ഷ്മണ്‍ സേത്തും അനുയായികളും കോണ്‍ഗ്രസില്‍ ചേര്‍ന്നതായി പശ്ചിമ ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമന്‍ മിത്ര അറിയിച്ചു. ലക്ഷ്മണ്‍ സേത്ത് സ്വന്തം തട്ടകമായ തംലുക് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്നും അദ്ദേഹം അറിയിച്ചു.
മൂന്ന് തവണ തംലുക് മണ്ഡലത്തില്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട സേത്തിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് 2014 ല്‍ സി.പി.എം പുറത്താക്കുകയായിരുന്നു. നന്ദിഗ്രാം പ്രക്ഷോഭത്തിന്‍റെ മുന്‍നിരയില്‍ നില്‍ക്കുകയും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ സേച്ഛാധിപതിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു പുറത്താക്കല്‍.
സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട സേത്ത് ഭാരത് നിര്‍മ്മാന്‍ പാര്‍ട്ടി എന്ന പാര്‍ട്ടി രൂപീകരിച്ചെങ്കിലും വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് 2016 ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. 2018 ല്‍ ബി.ജെ.പിയും സേത്തിനെ പുറത്താക്കി.
ആദ്യം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ സേത്ത് ശ്രമം നടത്തിയെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജി ഇത് തള്ളുകയായിരുന്നു.
സേത്തിന്റെ കോണ്‍ഗ്രസ് പ്രവേശനവും സ്ഥാനാര്‍ത്ഥിത്വവും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകരിച്ചിട്ടുണ്ടെന്നും സോമന്‍ മിത്ര അറിയിച്ചു.