ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനായി കേസ് നല്‍കിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണ; തെളിവ് നിരത്തി കടകംപള്ളി സുരേന്ദ്രന്‍

0
404

കോഴിക്കോട് (www.mediavisionnews.in): ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീം കോടതിയില്‍ കേസ് നല്‍കിയ പ്രേരണാ കുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദല്‍ഹിയിലെ ബി.ജെ.പി നേതൃനിരയിലുള്ള പ്രേരണാകുമാരി ബി.ജെ.പി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബി.ജെ.പി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ബി.ജെ.പിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാ കുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു. ചൗക്കിദാര്‍ പ്രേരണ എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ സ്‌ക്രീന്‍ ഷോട്ടും ബി.ജെ.പി പതാക പിടിച്ചു നില്‍ക്കുന്ന പ്രേരണയുടെ ചിത്രവും കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.

പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകളെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

‘ആര്‍.എസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കില്‍ നിങ്ങളെന്തിനാണ് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവര്‍ക്കായി മുന്‍കൂര്‍ മറുപടി നല്‍കാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് സര്‍ക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാല്‍ അതും സര്‍ക്കാര്‍ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകള്‍ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നല്‍കിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരന്‍ പിള്ളയും അടക്കമുള്ളവര്‍ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതല്‍ തെരുവോരങ്ങളില്‍ വരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങള്‍ മാപ്പ് പറയണം’. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പ്രേരണ കുമാരി ഉള്‍പ്പടെ യങ് ലോയേഴ്‌സ് അസോസിയേഷനിലെ അഞ്ച് അഭിഭാഷകരാണ് 2006ല്‍ ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

നിങ്ങളോര്‍ക്കുന്നില്ലേ പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ്മി ശാസ്ത്രി, അല്‍ക്കശര്‍മ, സുധപാല്‍ എന്നിവരാണ് 12 വര്‍ഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത്. ഇവര്‍ക്കുള്ള സംഘപരിവാര ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാന്‍ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.

പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകള്‍.

ആര്‍എസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കില്‍ നിങ്ങളെന്തിനാണ് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവര്‍ക്കായി മുന്‍കൂര്‍ മറുപടി നല്‍കാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് സര്‍ക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാല്‍ അതും സര്‍ക്കാര്‍ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകള്‍ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നല്‍കിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരന്‍ പിള്ളയും അടക്കമുള്ളവര്‍ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതല്‍ തെരുവോരങ്ങളില്‍ വരെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങള്‍ മാപ്പ് പറയണം.

‘കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ
കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ….’

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here