അബുദാബി(www.mediavisionnews.in) : കേരളം കടുത്ത ചൂടിലൂടെ കടന്നുപോകുമ്പോള്‍ യുഎഇയില്‍ പരക്കെ മഴ. മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പലയിടത്തും റോഡ് ഗതാഗതം താറുമാറായി.
രണ്ടുദിവസത്തെ മൂടിക്കെട്ടിയ അന്തരീക്ഷത്തിന് പിന്നാലെ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും മഴ ലഭിച്ചു. ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശക്തമായ മഴയാണ് ഉണ്ടായത്. നേരിയ ഇടിമിന്നലോടെയാണ് മിക്കയിടത്തും മഴ പെയ്തത്. റോഡിൽ വെള്ളംകെട്ടിനിന്ന് ഗതാഗത പ്രശ്നങ്ങളുമുണ്ടായി. നിരവധി വാഹനാപകടങ്ങളും രാജ്യത്തിന്റെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് അറിയിച്ചു.
താപനിലയിലും നേരിയ കുറവ് അനുഭവപ്പെട്ടു. എന്നാൽ, വരും ദിവസങ്ങളിൽ ചൂട് കൂടാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റാസൽഖൈമ രാജ്യാന്തര വിമാനത്താവളം, ദുബായ് വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലും മഴ പെയ്തു. അജ്മാൻ, ഉമ്മുൽഖുവൈൻ, മദിനാദ് സയീദ്, ഗാതി, അൽ ദഫേറ തുടങ്ങിയ സ്ഥലങ്ങളിലും സാമാന്യം നല്ല മഴയാണ് ലഭിച്ചത്. ശക്തമായ വെള്ളക്കെട്ടുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി.