മോദിയും ദക്ഷിണേന്ത്യയിലേക്ക്; ബംഗളൂരു സൗത്തില്‍ മത്സരിച്ചേക്കും

0
225

ബെംഗളൂരു(www.mediavisionnews.in) : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിക്കാനൊരുങ്ങുന്നു. ഉത്തര്‍പ്രദേശിലെ വാരാണസിക്ക് പുറമേ ബംഗളൂരു സൗത്ത് മണ്ഡലത്തിലും നരേന്ദ്രമോദി മത്സരിച്ചേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ദക്ഷിണേന്ത്യയില്‍ നരേന്ദ്രമോദി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കര്‍ണാടകയിലും മത്സരിപ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത്.

1991 മുതല്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ബെംഗളൂരു സൗത്ത്. പ്രൊഫ. കെ. വെങ്കിട്ടഗിരി ഗൗഡയിലൂടെയാണ് ബിജെപി ആദ്യം ബംഗളൂരു സൗത്ത് പിടിച്ചെടുക്കുന്നത്. പിന്നീടങ്ങോട്ട് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി എച്ച്‌.എന്‍. അനന്തകുമാര്‍ ബംഗളൂരു സൗത്തിനെ പ്രതിനിധീകരിച്ച്‌ ലോക്‌സഭയിലെത്തി. മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരിക്കെ 2018 നവംബറിലാണ് അനന്തകുമാര്‍ മരണപ്പെട്ടത്.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ ബംഗളൂരു സൗത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന അഭ്യൂഹം. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അവര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബംഗളൂരു സൗത്തില്‍നിന്ന് മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്.

മോദി ബംഗളൂരു സൗത്തില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബംഗളൂരു സൗത്ത് ഒഴിവാക്കിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 20 സീറ്റുകളില്‍ 18 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ബംഗളൂരു സൗത്ത്, ധാര്‍വാഡ് എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാതിരുന്നത്. മോദി ബംഗളൂരു സൗത്തില്‍ മത്സരിക്കുകയാണെങ്കില്‍ ശക്തനാനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് സൂചന.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here