കൊച്ചി(www.mediavisionnews.in) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്‍മാറുന്നതായി കാണിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കേസിലെ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുന്നത് പ്രയോഗികമല്ലെന്നും സാക്ഷികള്‍ക്ക് സമന്‍സ് പോലും നല്‍കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും വ്യക്തമാക്കിയാണ് സുരേന്ദ്രന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതായി കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. കേസ് സിപിഎമ്മും ലീഗും ചേര്‍ന്ന് അട്ടിമറിച്ചെന്നും മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേസ് പിന്‍വലിക്കുന്നതെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. കേസ് അവസാനിപ്പിക്കുന്നതിന് കെ സുരേന്ദ്രന്‍ നടപടികള്‍ ആരംഭിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം മഞ്ചേശ്വരത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പും നടക്കാനാണ് സാധ്യത.
2016 ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന പി.ബി.അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് കെ.സുരേന്ദ്രന്‍ തോറ്റത്. കള്ളവോട്ട് നടന്നതായും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ട് വഴിയാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി.മരിച്ചുപോയവരുടേയും വിദേശത്ത് ഉള്ളവരുടേയും പേരില്‍ കള്ളവോട്ട് ചെയ്തതെന്നാണ് കെ സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചത്. സുരേന്ദ്രന്റെ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളവരെ സമന്‍സ് അയച്ച് വരുത്തി കോടതി തെളിവെടുപ്പ് നടത്തിയിരുന്നു. പിന്നീട് എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമുണ്ടോ എന്ന് കെ. സുരേന്ദ്രനോട് കോടതി ആരാഞ്ഞിരുന്നു. വീണ്ടും ഹര്‍ജിയുമായി മുന്നോട്ടു പോയ കെ.സുരേന്ദ്രന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് കേസില്‍ നിന്നും പിന്‍മാറാനുള്ള തീരുമാനമെടുത്തിരിക്കുന്നത്.