ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിന് സമാനമായ വെടിവയ്പ് കാസര്‍കോട്ടും; രണ്ടിടത്തും രവി പൂജാരിയുടെ പേരെഴുതിയ തുണ്ട് കടലാസ് സംഘം ഉപേക്ഷിച്ചു

0
211

കൊച്ചി(www.mediavisionnews.in) : കാസര്‍കോട് ബേവിഞ്ചയിലെ പൊതുമരാമത്ത് കരാറുകാരന്റ വീട് ആക്രമിച്ച കേസില്‍ അധോലോക കുറ്റവാളി രവി പൂജാരി അടക്കമുള്ളവരാണ് പ്രതികള്‍. പൂജാരിസംഘം ആവശ്യപ്പെട്ട 50 കോടി കൊടുക്കാത്തതിന്റെ പേരിലായിരുന്നു ആക്രമണം. ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിന് സമാനമായ വെടിവയ്പ് കേസാണ് കാസര്‍കോട്ടും നടന്നത്. എട്ടുവര്‍ഷം മുന്‍പത്തെ കേസിന്റെ വിവരങ്ങള്‍ കൊച്ചി വെടിവയ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കാന്‍ തുടങ്ങി.

2010 ജൂണ്‍ 26, 2013 ജൂലൈ 18, ഇങ്ങനെ മൂന്നുവര്‍ഷത്തിനിടെ രണ്ട് തവണയാണ് കാസര്‍കോട് ബേവിഞ്ചയിലെ കരാറുകാരന്‍ എംടി മുഹമ്മദിന്റെ വീടിന് നേരെ വെടിവെപ്പുണ്ടായത്. ഈ സംഭവങ്ങളുമായുള്ള അസാമാന്യമായ സാദൃശ്യം ആണ് കൊച്ചി വെടിവെപ്പ് കേസ് അന്വേഷണത്തിന് ഇപ്പോള്‍ വഴികാട്ടുന്നത്. കൊച്ചിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ നടിയെ ഫോണില്‍ വിളിച്ച് 25 കോടി ആവശ്യപ്പെട്ട രവി പൂജാരി കാസര്‍കോട്ടെ കരാറുകാരനേയും പണത്തിനായി പലവട്ടം ഫോണില്‍ വിളിച്ചിരുന്നു. ആവശ്യപ്പെട്ടത് നേരെ ഇരട്ടി 50 കോടി ആയിരുന്നുവെന്ന് മാത്രം. പണം കിട്ടാതായപ്പോള്‍ ബ്യൂട്ടിപാര്‍ലര്‍ ആക്രമിക്കാന്‍ തോക്കുമായി മുഖംമൂടി പറഞ്ഞയച്ചത് രണ്ടുപേരെ.

കാസര്‍കോട്ട് ബേവിഞ്ചയിലെ കരാറുകാരന്റെ വീട് ആക്രമിക്കാനും തോക്കുമായി എത്തിയത് മുഖംമറച്ച രണ്ടുപേര്‍. രണ്ടിടത്തും ഭയപ്പെടുത്താനെന്ന മട്ടില്‍ പേരിനൊന്ന് വെടിപൊട്ടിച്ച് കാര്യമായ നാശനഷ്ടം ഉണ്ടാക്കാതെ സംഘം മടങ്ങി. ഇതിനെല്ലാം പുറമെ തിരികെപ്പോകുമ്പോള്‍ രണ്ടിടത്തും രവി പൂജാരിയുടെ പേരെഴുതിയ തുണ്ട് കടലാസ് സംഘം ഉപേക്ഷിച്ചു. കൊച്ചിയിലും കാസര്‍കോട്ടും ഇത് പിന്നീട് പോലീസ് കണ്ടെടുക്കുകയായിരുന്നു.

ആക്രമണത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് മാധ്യമ സ്ഥാപനത്തിലേക്ക് രവി പൂജാരിയുടെ ഫോണ്‍വിളി എത്തിയത് മറ്റൊരു സൂചനയായി. ആകെ എട്ടുപേര്‍ പ്രതികളായ കാസര്‍കോട് കേസില്‍ പൂജാരി അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെയാണ് 2014ല്‍ കുറ്റപത്രം നല്‍കിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here